21-01-2024

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലോടുന്ന, കോർപ്പറേഷൻ വാങ്ങിനൽകിയ ഇലക്ട്രിക് ബസുകളുടെ കാര്യത്തിൽ കെ.എസ്.ആർ.ടി.സി.ക്കോ മന്ത്രിക്കോ ഏകപക്ഷീയമായി തീരുമാനമെടുക്കാനാവില്ല. സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കോർപ്പറേഷൻ 115 ബസുകൾ വാങ്ങിനൽകുന്നത്. ഇതിൽ 60 ബസുകൾ സർവീസ് നടത്തുന്നുണ്ട്.
20 ബസുകളും രണ്ട് ഡബിൾഡക്കർ ബസുകളും കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സി.ക്കു ലഭിച്ചു. ഇനി 53 ബസുകൾകൂടി വാങ്ങിനൽകും. ഇതിൽ 102 ബസുകളുടെ തുകയും സ്മാർട്ട് സിറ്റി കൈമാറിക്കഴിഞ്ഞു.
To advertise here, Contact Us
ഇ-വാഹനങ്ങൾ കെ.എസ്.ആർ.ടി.സി.ക്കു വാങ്ങിനൽകാൻ തീരുമാനിച്ചത് ഹരിത നയത്തിന്റെ ഭാഗമായും നഗരത്തിലെ ചെറു റോഡുകളിലെ തിരക്കൊഴിവാക്കാനുമാണ്.
വാഹനങ്ങൾ വാങ്ങിനൽകുമ്പോൾ ഇതുസംബന്ധിച്ച് കോർപ്പറേഷനും കെ.എസ്.ആർ.ടി.സി.യുമായി കരാർ ഉണ്ടാക്കിയിട്ടുമുണ്ട്.
ഇതിൽ നിരക്കുവർധനയടക്കം നടത്താൻ കോർപ്പറേഷനുമായി ചർച്ച നടത്തണം.

നേരത്തേ കുറഞ്ഞ നിരക്ക് തീരുമാനിച്ചതും കോർപ്പറേഷൻ അധികൃതരുമായി ചർച്ചനടത്തിയാണ്. നഗരത്തിനുള്ളിൽ ഓടിക്കാനാണ് ഇ-ബസുകൾ വാങ്ങി നൽകിയത്. നഗരത്തിലെ ചെറിയ റോഡുകളിലൂടെ വലിയ ബസുകൾ ഓടുന്നത് പലപ്പോഴും ഗതാഗതതടസ്സം ഉണ്ടാക്കിയിരുന്നു. ഇതിനു പരിഹാരമായാണ് ചെറിയ ഇലക്ട്രിക് ബസുകൾ വാങ്ങാൻ തീരുമാനിച്ചത്.
മാത്രമല്ല, സാധാരണ ബസ് സർവീസ് ഇല്ലാത്ത ജങ്ഷനുകളെ ബന്ധിപ്പിച്ചാണ് ഇലക്ട്രിക് ബസുകൾ ഉപയോഗിച്ച് സിറ്റി സർക്കുലർ ബസുകൾ ഓടുന്നത്.
തലസ്ഥാന നഗരത്തെ ആദ്യ ഹരിത നഗരമാക്കാനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമായാണ് കോർപ്പറേഷൻ സ്മാർട്ട് സിറ്റി പദ്ധതിപ്രകാരം ബസുകൾ വാങ്ങിനൽകാൻ തീരുമാനിച്ചത്.
അഞ്ചുവർഷത്തെ അറ്റകുറ്റപ്പണി കരാർ സഹിതമാണ് ഇ-ബസുകൾ വാങ്ങുന്നത്.
സിറ്റി സർക്കുലർ ബസുകളിലെ നിരക്കുവർധന സംബന്ധിച്ച് കോർപ്പറേഷന് കടുംപിടിത്തമൊന്നുമില്ലെന്ന് കോർപ്പറേഷൻ അധികൃതർ പറയുന്നു. എന്നാൽ, ജനോപകാരപ്രദമായി ചർച്ചചെയ്തു മാത്രമേ നടപ്പാക്കുകയുള്ളൂ.
കാർബൺ ന്യൂട്രൽ തലസ്ഥാനമാക്കാനുള്ള പദ്ധതികൾ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് മേയർ ആര്യാ രാജേന്ദ്രനും രംഗത്തെത്തിയിട്ടുണ്ട്.
മന്ത്രിയുടെ പരിഷ്കരണം തുടങ്ങി; സിറ്റി സർക്കുലർ ബസുകളിൽ നിരക്ക് മാറി
ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ നിർദേശപ്രകാരം കെ.എസ്.ആർ.ടി.സി. സിറ്റി സർക്കുലർ ബസുകളിലെ പരിഷ്കരണം തുടങ്ങി. പേരൂർക്കട ഡിപ്പോയിലാണ് ആദ്യ പരിഷ്കരണം നടത്തുന്നത്. ഇതിന്റെ ഭാഗമായി സിറ്റി സർക്കുലർ ഇ-ബസുകളിൽ ചിലത് പോയിന്റ് ടു പോയിന്റ് ഇലക്ട്രിക് ബസ് എന്ന പേരിലുള്ള സർവീസുകളിലേക്കു മാറ്റി. സാധാരണ യാത്രക്കാർ ഏറെ ആശ്രയിക്കുന്ന മെഡിക്കൽ കോളേജ് റൂട്ടിലടക്കമുള്ള ബസുകൾ വരെ ഇക്കൂട്ടത്തിലുണ്ട്.
സിറ്റി സർക്കുലർ ബസുകളിൽ ഏതു സ്ഥലത്താണെങ്കിലും പത്തു രൂപയാണ് നിരക്ക്. എന്നാൽ, പോയിന്റ് ടു പോയിന്റ് സർവീസുകളിൽ സ്ഥലമനുസരിച്ച് നിരക്കു മാറും. എന്നാൽ, സാധാരണ സർവീസുകളെക്കാൾ കുറവുമാണ്. 30 രൂപയ്ക്ക് ഒരു ദിവസം നഗരത്തിൽ സഞ്ചരിക്കാവുന്ന ടുഡെ ടിക്കറ്റും പോയിന്റ് ടു പോയിന്റ് സർവീസുകളിൽ അനുവദിക്കില്ല.
നിരക്കു കൂട്ടുമെന്ന മന്ത്രിയുടെ പ്രസ്താവന വിവാദമായതോടെ സർക്കുലർ ബസുകളിൽനിന്ന് മറ്റു വിഭാഗങ്ങളിലേക്കു മാറ്റി നിരക്കു വർധിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ആരോപണമുണ്ട്.
ഇ-ബസുകൾ മാറ്റുന്നതിനെതിരേ ആദ്യം രംഗത്തെത്തിയ വി.കെ.പ്രശാന്ത് എം.എൽ.എ.യുടെ മണ്ഡലത്തിലെ ബസ്‌സ്റ്റാൻഡിൽനിന്നാണ് പരിഷ്കരണം തുടങ്ങിയിട്ടുള്ളത്.

Leave a comment