കഴിഞ്ഞ പത്ത് ദിവസത്തിനിടയിൽ ജില്ലയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനമിടിച്ച് മൂന്ന് പേരാണ് മരിച്ചത്

12-12-2023

തിരുവനന്തപുരം : കഴിഞ്ഞ പത്ത് ദിവസത്തിനിടയിൽ ജില്ലയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനമിടിച്ച് മൂന്ന് പേരാണ് മരിച്ചത്. രണ്ടുപേർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വളവുകളിലാണ് അപകടങ്ങളുണ്ടായത്. ഡ്രൈവർമാർ ഉറങ്ങിപ്പോയതാണ് കാരണം. 

മണിക്കൂറുകളോളം നീണ്ടനിരയിൽനിന്നു മലകയറി തിരിച്ചിറങ്ങിയശേഷം വേണ്ടത്ര വിശ്രമമില്ലാതെ വീണ്ടും വണ്ടിയോടിച്ചതാണ് അപകടങ്ങൾക്കു കാരണമായത്. 

മരണങ്ങൾക്കു കാരണമായ രണ്ട് അപകടങ്ങളും പുലർച്ചെയാണ് സംഭവിച്ചത്. ആന്ധ്രയിൽ നിന്നെത്തിയ രണ്ട് വാഹനങ്ങളിടിച്ചാണ് മൂന്നുപേർ മരിച്ചത്. 

ഏതാനും ദിവസംമുമ്പ് പേരൂർക്കടയിൽ നടന്ന അപകടത്തിൽ പരിചയമില്ലാത്ത വഴിയിലൂടെ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയാണ് അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്നത്. നെടുമങ്ങാട്ടേക്കുള്ള ബസ്‌സ്റ്റോപ്പിനു താഴത്തെ ചെറിയ വളവിലാണ് അപകടമുണ്ടായത്. മരത്തിലിടിച്ച് വാഹനം നിന്നതിനാലാണ് വാഹനത്തിലുള്ളവർ രക്ഷപ്പെട്ടത്. രണ്ട് കാൽനടയാത്രക്കാരാണ് അപകടത്തിൽ മരിച്ചത്. 

തിങ്കളാഴ്ച വെഞ്ഞാറമൂടിനു സമീപമുണ്ടായ അപകടത്തിൽ കാർ ബേക്കറിയിലേക്ക് ഇടിച്ചുകയറി ഉടമ മരിച്ചു. സ്കൂട്ടറും ഇടിച്ചുതെറിപ്പിച്ച് അടുത്ത വീട്ടിന്റെ മതിലും തകർത്ത് കുഴിയിലേക്കു മറിയുകയായിരുന്നു. ഇതിലും ഡ്രൈവർ ഉറങ്ങിപ്പോയതാണ് കാരണം. 

ഒരാഴ്ച മുമ്പ് വട്ടപ്പാറയിലുണ്ടായ അപകടത്തിൽനിന്ന് രണ്ടുപേരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. 

സ്കൂട്ടറും കടയും തകർത്ത് അടുത്ത വീടിന്റെ മതിലും തകർത്താണ് കാർ നിന്നത്. കടയുടമയും സ്കൂട്ടർ യാത്രക്കാരനും അപകടസമയത്ത് അൽപം മാറിനിൽക്കുകയായിരുന്നതിനാണ് രക്ഷപ്പെട്ടത്. 

വിശ്രമമില്ലാതെയുള്ള ഡ്രൈവിങ്ങാണ് പല അപകടങ്ങൾക്കും കാരണമാകുന്നതെന്നതും ഉറക്കംവന്നാൽ തുടർച്ചയായി വാഹനം ഓടിക്കരുതെന്നും തിരുവനന്തപുരം സിറ്റി ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണർ ഷീൻ തറയിൽ പറഞ്ഞു.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started