08-11-2023

വിഴിഞ്ഞം : ബേപ്പൂരിൽനിന്നു ആഴക്കടൽ മീൻപിടിത്തത്തിനുപോയ അടിമലത്തുറയിലെ മത്സ്യത്തൊഴിലാളിയെ കടലിൽവീണ് കാണാതായി. അടിമലത്തുറ ചൊവ്വര കുഞ്ഞുമോൻ ഹൗസിൽ ഡേവിഡിന്റെയും മല്ലികയുടെയും മകൻ കുഞ്ഞുമോനെ (20) യാണ് ബേപ്പൂരിനും ചേറ്റുവായ്ക്കുമിടയിലുള്ള ആഴക്കടലിൽവച്ച് കാണാതായത്.
മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് കാളോത്തിൽ അബ്ദുറഷീദിന്റെ ബാദുഷ എന്ന ട്രോളിങ് ബോട്ടിൽനിന്നു വീണ് കാണാതായതെന്നാണ് വീട്ടുകാർക്ക് ലഭിച്ച വിവരം. തിങ്കളാഴ്ച രാത്രി പത്തരയോടെ ബേപ്പൂർ തുറമുഖത്തുനിന്നു 90 നോട്ടിക്കൽ മൈൽ അകലെയാണ് അപകടമുണ്ടായതെന്ന് കുഞ്ഞുമോന്റ അച്ഛന്റെ ഇളയസഹോദരൻ വർഗീസ് പറഞ്ഞു.അടിമലത്തുറ സ്വദേശിയും അയൽവാസിയുമായ രാജുവിന്റെ കമ്പവല വള്ളത്തിൽ നവംബർ മൂന്നിനാണ് കുഞ്ഞുമോൻ ബേപ്പൂരിലേക്ക് പോയത്. ട്രോളിങ് ബോട്ടിനൊപ്പം അനുബന്ധമായി ഉപയോഗിക്കുന്ന വള്ളമാണിത്.
ബേപ്പൂരിൽനിന്നു കുഞ്ഞുമോൻ ഉൾപ്പെട്ട 14 തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. മീൻപിടിച്ചുകൊണ്ടിരുന്ന കുഞ്ഞുമോനെ പിന്നീട് കാണാതാവുകയായിരുന്നുവെന്നാണ് ബോട്ടിലുള്ള തൊഴിലാളികൾ ബോട്ടുടമയ്ക്ക് നൽകിയ വിവരം.
സംഭവത്തെത്തുടർന്ന് ബോട്ടിലുള്ളവരും സമീപത്തുണ്ടായിരുന്ന മറ്റ് ട്രോളിങ് ബോട്ടുകളും ചൊവ്വാഴ്ച വൈകിയും തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്തായില്ല. ബേപ്പൂർ കോസ്റ്റൽ പോലീസിൽ പരാതി നൽകി.

Leave a comment