ചിറയിൻകീഴ് താലൂക്കിലെ പ്രധാന ചന്തകളിലൊന്നായ ചെക്കാലവിളാകം ചന്തയുടെ പ്രവർത്തനം നിലച്ചിട്ട് വർഷങ്ങളേറെയാകുന്നു

വക്കം: ചിറയിൻകീഴ് താലൂക്കിലെ പ്രധാന ചന്തകളിലൊന്നായ ചെക്കാലവിളാകം ചന്തയുടെ പ്രവർത്തനം നിലച്ചിട്ട് വർഷങ്ങളേറെയാകുന്നു. അഞ്ചുതെങ്ങ്, കടയ്ക്കാവൂർ, വക്കം, ചിറയിൻകീഴ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്ന് നിരവധി പേരാണ് ദിനംപ്രതി ഇവിടെ സാധനങ്ങൾ വാങ്ങാനെത്തിയിരുന്നത്. ആധുനിക രീതിയിൽ ചെക്കാലവിളാകം ചന്ത നവീകരിക്കുമെന്ന വാഗ്ദാനങ്ങൾ നൽകിയാണ് 2022 ജൂണിൽ കച്ചവടക്കാരെ മുഴുവൻ ഒഴിപ്പിച്ചത്. ഒൻപത് മാസങ്ങൾ പിന്നിട്ടിട്ടും യാതൊരു പണിയും തുടങ്ങാത്തതിൽ പ്രതിഷേധം ശക്തമാകുകയാണ്

മുപ്പതോളം കടമുറികളും മത്സ്യവിപണന കേന്ദ്രവും ചെറുകിട വ്യാപാരങ്ങൾക്കുമായി നൂറോളം പേരാണ് ചന്തയിൽ കച്ചവടത്തിനായി എത്തിയിരുന്നത്. ചന്ത ഒഴിപ്പിച്ച് കച്ചവടം ചെയ്യാൻ മറ്റ് മാർഗ്ഗങ്ങൾ ഇല്ലാതെ വന്നതോടെ തിരക്കേറിയ കടയ്ക്കാവൂർ, വർക്കല റോഡിൽ ചന്തയ്ക്ക് മുന്നിൽ ഒഴിഞ്ഞു പോയ കടകളുടെ മുൻവശത്തും, ചന്തയോടു ചേർന്ന് റോഡിന്റെ പാതയോരങ്ങളിലിരുന്നുമാണ് ഇവർ ഇപ്പോൾ കച്ചവടം നടത്തുന്നത്. സാധനങ്ങൾ വാങ്ങാൻ ആളുകൾ എത്തുന്നതോടെ ഈ പ്രദേശത്ത് തിരക്ക് വർദ്ധിക്കുകയും സ്കൂൾ, സ്വകാര്യ ബസ് സർവീസുകൾ ഉൾപ്പെടെ വലിയ വാഹനങ്ങൾ കടന്നുപോകുന്ന ഇടുങ്ങിയ റോഡിലെ കച്ചവടം പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു.

ഫണ്ട് റെഡി 

കിഫ്‌ബി ഫണ്ടിൽ നിന്ന് രണ്ട് കോടി അറുപത്തിയഞ്ച് ലക്ഷത്തി എഴുപത്തിമൂവായിരം രൂപയാണ് ചന്തയുടെ നവീകരണത്തിനായി അനുവദിച്ചിട്ടുള്ളത്.

പദ്ധതി അവതാളത്തിൽ

ബലക്ഷയം വന്നതുൾപ്പെടെയുള്ള മുഴുവൻ പഴയ കെട്ടിടങ്ങളും പൊളിച്ച് പുതിയവ നിർമ്മിച്ച് ചന്ത നവീകരിക്കുന്നതിനായിരുന്നു പദ്ധതി. നിർവഹണ ഏജൻസിയായ തീരദേശ വികസന കോർപ്പറേഷന് സ്ഥലം കൈമാറുന്നതിനായി കച്ചവടക്കാർ മാസങ്ങൾക്ക് മുമ്പുതന്നെ സ്റ്റാളുകൾ ഒഴിഞ്ഞ് താക്കോൽ രേഖാമൂലം പഞ്ചായത്തിൽ ഏൽപ്പിച്ചിരുന്നു. എന്നാൽ പകരം ഒരു സൗകര്യവും ഒരുക്കാതെ ധൃതിപിടിച്ച് ഒഴിപ്പിച്ചതിനാൽ വഴിയാധാരമായി മാറിയിരിക്കുകയാണ് ഇവർ.

പഞ്ചായത്തിന് മാസം തോറും നഷ്ടം

ചന്ത ഒഴുപ്പിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും കച്ചവടക്കാർക്ക് സൗകര്യപ്രദമായ രീതിയിൽ കച്ചവടം നടത്തുന്നതിനുള്ള സൗകര്യം ഒരുക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഇതുമൂലം വാടക ഇനത്തിൽ ലഭിക്കേണ്ടിയിരുന്ന ലക്ഷക്കണക്കിന് രൂപയാണ് പഞ്ചായത്തിന് മാസം തോറും നഷ്ടമായിക്കൊണ്ടിരിക്കുന്നത്.

ആശങ്കയിൽ

ചന്ത ആധുനിക രീതിയിൽ നവീകരിച്ച് പൊതു മാർക്കറ്റായി മാറ്റും എന്ന് നോട്ടീസ് നൽകിയാണ് വ്യാപാരികളെ ചന്തയിൽ നിന്ന് ഒഴിപ്പിച്ചത്. എന്നാൽ ചന്ത, മത്സ്യ മാർക്കറ്റ് ആയി നവീകരിക്കാൻ പോകുന്നു എന്ന രീതിയിൽ പഞ്ചായത്തിന്റെ പേരിൽ ഓപ്പോ സീലോ ഇല്ലാത്ത നോട്ടീസ് ചന്തയിൽ ഒട്ടിച്ചുകഴിഞ്ഞു. ഇത് മറ്റ് കച്ചവടക്കാരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. എത്രയുംവേഗം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും, ചെറുകിട വ്യാപാര സ്ഥാപനങ്ങൾ ഉചിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started