പരിശീലനവിമാനം റൺവേയിൽനിന്നു തെന്നിമാറി മറിഞ്ഞു

09-02-2023

തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പരിശീലനാർഥി പറത്തിയ വിമാനം പറന്നുയരാൻ ശ്രമിക്കവേ നിയന്ത്രണം നഷ്ടപ്പെട്ട് റൺവേയിൽനിന്നു തെന്നിമാറി അപകടത്തിൽപ്പെട്ടു. തലകീഴായി മറിഞ്ഞ വിമാനം റൺവേയ്ക്കു സമീപം മണലിൽ പുതഞ്ഞുനിന്നു. വിമാനമോടിച്ചിരുന്ന പരിശീലനാർഥി തിരുവനന്തപുരം കരമന സ്വദേശി എം.വി.അനൂപ് നായർ(30) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ധനചോർച്ചയില്ലാത്തതിനാൽ വിമാനത്തിനു തീപിടിച്ചില്ല. എൻജിൻ വേർപെട്ട് വിമാനത്തിന്റെ മുൻഭാഗം പൂർണമായും തകർന്നു. ചിറകുകളും വളഞ്ഞു. 

തിരുവനന്തപുരം വിമാനത്താവളത്തോടു ചേർന്ന് ചാക്കയിൽ പ്രവർത്തിക്കുന്ന രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്‌നോളജിയിലെ പരിശീലന വിമാനമായ സെസ്‌ന-172-ആർ എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്. രാവിലെ 10.30ന് മറ്റു രണ്ടു പരിശീലനാർഥികളോടൊപ്പം അനൂപ് ഇതേ വിമാനം പറത്തിയിരുന്നു. രണ്ടാമത് ഒറ്റയ്ക്കു പറത്താൻ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്.

സെക്കൻഡിനുള്ളിൽ രക്ഷാപ്രവർത്തനം

റൺവേ 32-ലെ മധ്യഭാഗത്ത് പുറപ്പെടാൻ തയ്യാറായി നിന്നിരുന്ന സെസ്‌ന-172-ആർ വിമാനത്തിനു സന്ദേശം നൽകിയശേഷം എയർ ട്രാഫിക് കൺട്രോളിലെ ടവറിലെ ഉദ്യോഗസ്ഥർ വിമാനത്തെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. അപകടമുണ്ടായ ഉടൻതന്നെ വിമാനത്താവളത്തിലെ ടെർമിനൽ മാനേജർക്കും തുടർന്ന് അഗ്നിരക്ഷാസേനയ്ക്കും അടിയന്തര സന്ദേശം നൽകി. 35 സെക്കൻഡിനുള്ളിൽ അഗ്നിരക്ഷാസേന സ്ഥലത്തെത്തി. വിമാനത്തിനുള്ളിൽ കുടുങ്ങിക്കിടന്ന വിദ്യാർഥിയെ പുറത്തെടുത്തു. തൊട്ടുപിന്നാലെ വിമാനത്താവള സുരക്ഷാസേനയുടെ ദ്രുതകർമസേനയും മെഡിക്കൽ സംഘവും പാഞ്ഞെത്തി. പ്രാഥമിക ചികിത്സ നൽകിയശേഷം ആശുപത്രിയിലേക്കു മാറ്റി. അപകടസമയത്ത് 160 ലിറ്ററോളം ഇന്ധനം വിമാനത്തിലുണ്ടായിരുന്നു. 

അപകടത്തിൽപ്പെട്ടത് കൊമേഴ്‌സ്യൽ പൈലറ്റ് വിദ്യാർഥി

കൊമേഴ്‌സ്യൽ പൈലറ്റ് ലൈസൻസ് നേടുന്നതിനുള്ള പരിശീലനം നടത്തിയ വിദ്യാർഥിയാണ് അപകടത്തിൽപ്പെട്ടത്. ഈ ലൈസൻസ് നേടുന്നതിനുള്ള പരിശീലനത്തിൽ ഓരോ വിദ്യാർഥിയും 200 മണിക്കൂർ വിമാനം പറത്തിയിരിക്കണം. ഈ പരിശീലനത്തിൽ വിമാനം ഒറ്റയ്ക്കും പറത്തേണ്ടതുണ്ട്. ഇത്തരത്തിൽ വിമാനം പറത്തുമ്പോഴായിരുന്നു അപകടം.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started