തുമ്പയിലെ ഇക്വറ്റേറിയൽ റോക്കറ്റ് ലോഞ്ചിങ്‌ സ്റ്റേഷനിൽനിന്ന് ബുധനാഴ്ച രാവിലെ 11.55-ന് ആർ.എച്ച്. 200 എന്ന സൗണ്ടിങ്‌ റോക്കറ്റ് ഉയർന്നത് ചരിത്രത്തിലേക്ക്

24-11-2022

തിരുവനന്തപുരം : തുമ്പയിലെ ഇക്വറ്റേറിയൽ റോക്കറ്റ് ലോഞ്ചിങ്‌ സ്റ്റേഷനിൽനിന്ന് ബുധനാഴ്ച രാവിലെ 11.55-ന് ആർ.എച്ച്. 200 എന്ന സൗണ്ടിങ്‌ റോക്കറ്റ് ഉയർന്നത് ചരിത്രത്തിലേക്ക്. തുമ്പയിലെ വിക്ഷേപണത്തറയിൽനിന്ന് ഉയർന്ന ഇരുന്നൂറാമത്‌ റോക്കറ്റായിരുന്നു അത്. 

മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സാന്നിധ്യത്തിലായിരുന്നു തുമ്പയുടെ ചരിത്രനേട്ടം. 1963 നവംബർ 21-നാണ് തുമ്പയിൽനിന്ന് ആദ്യ സൗണ്ടിങ്‌ റോക്കറ്റ് ആകാശത്തേക്കുയർന്നത്.നിരവധി പരീക്ഷണങ്ങൾക്കുള്ള അടിത്തറയായിട്ടാണ് സൗണ്ടിങ്‌ റോക്കറ്റിനെ ശാസ്ത്രസമൂഹം വീക്ഷിക്കുന്നത്. കാലാവസ്ഥാശാസ്ത്രം, ജ്യോതിശാസ്ത്രം ഉൾപ്പെടെയുള്ള മേഖലകളെക്കുറിച്ചുള്ള പഠനങ്ങൾക്കായാണ് സൗണ്ടിങ് റോക്കറ്റുകൾ വിക്ഷേപിക്കുന്നത്. രാജ്യം ഇന്നുപയോഗിക്കുന്ന ഭീമാകാരമായ വിക്ഷേപണവാഹനങ്ങളുടെ മുൻതലമുറക്കാരാണ് സൗണ്ടിങ്‌ റോക്കറ്റുകൾ. ഇന്ത്യൻ ബഹിരാകാശപദ്ധതികളുടെ ഒഴിവാക്കാനാകാത്ത ഭാഗമാണ് ഇവയുടെ വിക്ഷേപണം.

വി.എസ്.എസ്.സി.യിൽ നടന്ന ചടങ്ങിൽ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തു. ഡോ. വിക്രം സാരാഭായ്, പ്രൊഫ. സതീഷ് ധവാൻ, ഡോ. എ.പി.ജെ. അബ്ദുൽ കലാം തുടങ്ങിയ മഹാരഥന്മാർ ഭാരതീയ ബഹിരാകാശമേഖലയ്ക്കു നൽകിയ സംഭാവനകളെ അദ്ദേഹം ഓർമ്മിച്ചു. ഐ.എസ്.ആർ.ഒ. ചെയർമാൻ എസ്.സോമനാഥ്, മുൻ ചെയർമാൻ ഡോ. ജി.മാധവൻ നായർ, വി.എസ്.എസ്.സി. മുൻ ഡയറക്ടർ പി.എസ്.വീരരാഘവൻ, വിവിധ ഐ.എസ്.ആർ.ഒ. കേന്ദ്രങ്ങളുടെ തലവന്മാർ എന്നിവർ സന്നിഹിതരായിരുന്നു.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started