മ്യാൻമാറിൽ അകപ്പെട്ട പാറശ്ശാല സ്വദേശിയുൾപ്പെടെയുള്ളവർ ചെന്നയിലെത്തി

നാട്ടിലെത്തുന്നത് മോചനം കഴിഞ്ഞ്‌ ഒരുമാസത്തെ കാത്തിരിപ്പിനു ശേഷം

11-11-2022

പാറശ്ശാല : തൊഴിൽത്തട്ടിപ്പിന് ഇരയായി മ്യാൻമാറിൽ തോക്കിൻതുമ്പത്ത് ജോലിചെയ്യേണ്ടിവന്ന പാറശ്ശാല സ്വദേശി അടക്കം ഒൻപതുപേർ അടങ്ങുന്ന സംഘം ചെെന്നെയിൽ മടങ്ങിയെത്തി. മോചനം കഴിഞ്ഞ്‌ ഒരു മാസത്തെ കഷ്ടപ്പാടുകൾ അനുഭവിച്ച ശേഷമാണ് ഇവർ വ്യാഴാഴ്ച രാവിലെ ചെെന്നെയിലെത്തിയത്. മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച വാർത്തയിലൂടെയാണ് ഇവരുടെ ദുരിതം പുറംലോകമറിഞ്ഞത് .

പാറശ്ശാല സെയ്‌ന്റ് പീറ്റേഴ്‌സ് നഗറിൽ രവീന്ദ്രൻ വൈശാഖൻ അടക്കം നിരവധിപേരാണ് മ്യാൻമാറിൽ സായുധസംഘത്തിന്റെ തടങ്കലിൽ സൈബർ കുറ്റകൃത്യങ്ങൾക്കായി വിനിയോഗിക്കപ്പെട്ടിരുന്നത്. 

രണ്ട് മാസം മുമ്പാണ് വൈശാഖനും സുഹൃത്തും തയ്‍വാനിലേക്ക് േഡറ്റാ എൻട്രി ഓപ്പറേറ്റർ ജോലിക്കായി നാട്ടിൽനിന്നു പോയത്. തയ്‍വാനിലെത്തിയ ഇവരെ വിമാനത്താവളത്തിൽനിന്ന് സായുധ സംഘം കാർമാർഗം മ്യാൻമാർ അതിർത്തി കടത്തി. 

മ്യാൻമാർ സർക്കാരിനുപോലും സ്വാധീനമില്ലാത്ത ഗോത്രമേഖലയായ മ്യാവാഡിയിലെ ഐ.ടി. സ്ഥാപനത്തിലേക്കാണ് ഇവരെയെത്തിച്ചത്. ചൈനീസ്, മലേഷ്യൻ പൗരന്മാരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ സൈബർ കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനാണ് ഇവരെ നിയോഗിച്ചത്. 

സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകൾ, ഫോണുകളിൽ ഉപയോഗിക്കുന്ന ബാങ്ക് ആപ്പുകൾ എന്നിവ ഹാക്ക് ചെയ്യുക, ഫോൺ സെക്‌സിനായി ഉപഭോക്താക്കളെ കണ്ടെത്തുക, പെൺവാണിഭ സംഘങ്ങളുടെ കോൾസെന്ററായി പ്രവർത്തിക്കുക തുടങ്ങിയ ജോലികൾക്കായാണ് ഇവരെ വിനിയോഗിച്ചിരുന്നത്. തോക്കിനു മുന്നിൽ നിർത്തി ഭീഷണിപ്പെടുത്തിയാണ് ഇവരെ ജോലി ചെയ്യിപ്പിച്ചിരുന്നത്. സായുധസംഘത്തിന്റെ മർദനം സഹിക്കവയ്യാതെ വന്നതോടെ മലയാളികളായിട്ടുള്ളവർ തങ്ങൾക്കേറ്റ പീഡനത്തിന്റെ ചിത്രങ്ങൾ മാധ്യമങ്ങൾക്കു കൈമാറി. മാതൃഭൂമി വാർത്ത പ്രസിദ്ധീകരിച്ചതിനു പിന്നാലെ ഇവരുടെ മോചനത്തിനായി അധികൃതർ നടപടി സ്വീകരിക്കുകയായിരുന്നു. 

എംബസിയുടെ ഇടപെടലിനെത്തുടർന്ന് ഒക്ടോബർ 11-ന് ഇവരെ തടങ്കലിലാക്കിയിരുന്ന സായുധസംഘം തായ്‌ലൻഡ് അതിർത്തിയിലെ മിയോസോട്ടിയിൽ എത്തിച്ചു. 

നോർക്കയാണ് ബാങ്കോക്കിലേക്കുള്ള ടിക്കറ്റെടുത്തുനൽകിയത്. എന്നാൽ, വിമാനത്താവളത്തിൽ എത്തിയപ്പോൾ എമിഗ്രേഷൻ അധികൃതരുടെ പിടിയിലായി. തുടർന്ന് ഇവർക്ക് പന്ത്രണ്ട് ദിവസത്തോളം മിയാസോട്ടിൽ എമിഗ്രേഷൻ അധികൃതരുടെ കസ്റ്റഡിയിൽ കഴിയേണ്ടിവന്നു. 

നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇവരെ ബാങ്കോക്കിലേക്കു മാറ്റിയെങ്കിലും ഇവിടെയും 15 ദിവസം കഴിയേണ്ടിവന്നു. തുടർന്ന് തമിഴ്‌നാട് സർക്കാരാണ് ഇവർക്ക് ചെന്നൈയിലേക്കുള്ള വിമാന ടിക്കറ്റ് നൽകിയത്. തമിഴ്‌നാട്ടിലെ കുംഭകോണം, കാരക്കുടി, നാഗർകോവിൽ എന്നിവിടങ്ങളിൽ നിന്നുള്ളവർ അടങ്ങുന്ന സംഘമാണ് മടങ്ങിയെത്തിയിട്ടുള്ളത്.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started