ശാർക്കര പണ്ടകശാല റോഡ് നവീകരണത്തിന് അനുവദിച്ച പണത്തിൽനിന്ന് ഓട വൃത്തിയാക്കാൻ കഴിയില്ലെന്ന് കരാറുകാരൻ

12-10-2022

ചിറയിൻകീഴ് : റോഡ് നവീകരണത്തിന് അനുവദിച്ച പണത്തിൽനിന്ന് ഓട വൃത്തിയാക്കാൻ കഴിയില്ലെന്ന് കരാറുകാരൻ അറിയിച്ചതിനെത്തുടർന്ന് ശാർക്കര പണ്ടകശാല റോഡ് നവീകരണം വീണ്ടും മുടങ്ങി. ഓടയുടെ നവീകരണത്തിനായി പൊളിച്ച മൂടികൾ റോഡിൽ കിടക്കുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുന്നു. വ്യാപക പ്രതിഷേധങ്ങൾക്കൊടുവിലാണ് ശാർക്കര പണ്ടകശാല റോഡിന്റെ നവീകരണം ആരംഭിക്കാൻ കഴിഞ്ഞത്. റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ച് നിരവധി വാർത്തകൾ മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്നു.

ജില്ലാപ്പഞ്ചായത്തിന്റെ കീഴിലുള്ള ഈ റോഡ് തകർന്ന് തരിപ്പണമായിട്ട് വർഷങ്ങളായി. കോവിഡ് കാലത്ത് രണ്ടുവർഷത്തോളം നവീകരണം വൈകി. ഒടുവിൽ കോൺക്രീറ്റ് ഇട്ട് റോഡിലെ കുഴി അടയ്ക്കുകയായിരുന്നു. ശക്തമായ മഴയിൽ കോൺക്രീറ്റിളകി റോഡ് മുഴുവൻ കുഴി നിറഞ്ഞു. കാൽനടപോലും ബുദ്ധിമുട്ടിലായി.

ശാർക്കര ക്ഷേത്രത്തിലെ കഴിഞ്ഞ രണ്ട് ഉത്സവകാലത്തും ഈ പാതയുടെ നവീകരണം നടത്താൻ അധികൃതർക്കായില്ല. കോവിഡ് കാലം കഴിഞ്ഞ് ഈ പാതയുടെ നവീകരണത്തിന് നിരവധിതവണ ദർഘാസ് വിളിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ അൻപത്തിരണ്ട് ലക്ഷത്തോളം രൂപയ്ക്കാണ് കരാറായത്. ഏറെ അനിശ്ചിതാവസ്ഥയ്ക്കുശേഷം കഴിഞ്ഞമാസമാണ് കരാറുകാരൻ റോഡിന്റെ നവീകരണ പ്രവൃത്തികൾ ആരംഭിച്ചത്.

പണ്ടകശാലയിൽനിന്ന് ശാർക്കര ക്ഷേത്ര പറമ്പിന്റെ വടക്കേ ഗേറ്റ് വരെയുള്ള 600 മീറ്റർ പാതയാണ് അനുവദിച്ച തുക ഉപയോഗിച്ച് ടാറിങ് നടത്തി നവീകരിക്കുന്നത്. ഓടയുടെ പണി പൂർത്തിയാക്കിയശേഷം റോഡിന്റെ ടാറിടൽ നടത്തുന്നതിനാണ് തീരുമാനമെടുത്തിരുന്നത്. നവീകരണത്തിനായി ഓടയുടെ മൂടി പൊളിച്ചപ്പോൾ ഓട മുഴുവൻ മണ്ണടിഞ്ഞ് നിറഞ്ഞ നിലയിലായിരുന്നു.

ഓടയിലെ മണ്ണ് നീക്കംചെയ്തശേഷം ഓട നവീകരണം മതിയെന്ന നിലപാട് ജനപ്രതിനിധികൾ എടുത്തതോടെ പണി കരാറുകാരൻ നിർത്തി വയ്ക്കുകയായിരുന്നു. ഓടയിലെ മണ്ണ് നീക്കംചെയ്യാൻ പണം അനുവദിക്കാമെന്ന നിലപാടിലാണ് ഇപ്പോൾ ചിറയിൻകീഴ് ഗ്രാമപ്പഞ്ചായത്ത്. എന്നാൽ, ഓടയുടെ മൂടി ഇളക്കി റോഡിലിട്ടതുകാരണം വാഹന ഗതാഗതം കൂടുതൽ കുരുക്കിലാകുകയാണിവിടെ. 

ചിറയിൻകീഴ് റെയിൽവേ മേൽപ്പാലം നിർമാണത്തിനായി ചിറയിൻകീഴ് കടയ്ക്കാവൂർ പാത അടച്ചിട്ടിരിക്കുന്നതിനാൽ വാഹനങ്ങളേറെയും ശാർക്കര ക്ഷേത്രം പണ്ടകശാല റോഡുവഴിയാണ് സഞ്ചരിക്കുന്നത്. സ്വതവേ ഇടുങ്ങിയ ഈ പാതയിലാണ് ഓടയുടെ കോൺക്രീറ്റ് മൂടികൾ പൊളിച്ചിട്ടിരിക്കുന്നത്.

📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started