


Oct 9, 2022
ദില്ലി: രാജ്യത്ത് ഡിജിറ്റൽ രൂപ അവതരിപ്പിക്കാനൊരുങ്ങി റിസർവ് ബാങ്ക്. പ്രത്യേക ഉപയോഗത്തിനായി ഡിജിറ്റൽ രൂപ (ഇ-രൂപ) ഉടൻ അവതരിപ്പിക്കും. സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (സിബിഡിസി) പ്രാബല്യത്തില്‍ വരുത്തുന്നതിന് മുന്നോടിയായി പരീക്ഷണാടിസ്ഥാനത്തിലാണ് ഇ-രൂപ അവതരിപ്പിക്കുന്നത്. ഡിജിറ്റൽ രൂപ കള്ളപ്പണം വെളുപ്പിക്കൽ തടയുകയും ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്തുകയും ധന, പണമിടപാട് സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുമെന്നും ആർ.ബി.ഐ പറഞ്ഞു.
ഇ-രൂപ പുറത്തിറക്കിയാൽ പണം പുറത്തിറക്കാനും ഇടപാടിനുമുള്ള ചെലവ് കുറയുമെന്നുമാണ് കണക്കുകൂട്ടൽ. ഡിജിറ്റൽ കറൻസിയുടെ ഉപയോഗങ്ങളും നേട്ടങ്ങളും സംബന്ധിച്ച വിശദീകരണക്കുറിപ്പും റിസർവ് ബാങ്ക് പുറത്തുവിട്ടു. ഇതിൽ ബാങ്ക് ഇടപാടുകളെ ഇ-രൂപ എങ്ങനെ ബാധിക്കുന്നു, ഉപയോഗ രീതി, സാങ്കേതിക വിദ്യ, പ്രവർത്തനം, ഡിജിറ്റൽ രൂപയുടെ ഡിസൈൻ എന്നിവയുമുണ്ട്. ഡിജിറ്റൽ രൂപത്തിലുള്ള കറൻസിയാണെങ്കിലും കറൻസി നോട്ടുകളെപ്പോലെ കൃത്യമായ മൂല്യവും ഇടപാടുകൾക്ക് നിയമപിൻബലവുമുണ്ടാകും.
ഇ-രൂപ പേപ്പർ കറൻസിയാക്കി മാറ്റാൻ കഴിയും. ബാങ്കിന്റെയോ സേവന ദാതാവിന്റെയോ വാലറ്റിൽ സൂക്ഷിക്കാം. ചില പ്രത്യേക ആവശ്യങ്ങൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കാനാണ് തുടക്കത്തിൽ അവസരം ലഭിക്കുക. ചെറുകിട ആവശ്യങ്ങൾക്കായി സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി- റീട്ടെയിൽ, വൻകിട ആവശ്യങ്ങൾക്കായി സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി- ഹോൾസെയിൽ എന്നിങ്ങനെ രണ്ട് തരം ഡിജിറ്റൽ രൂപയാണുണ്ടാവുക. ഇതിൽ റീട്ടെയിലാണ് എല്ലാവർക്കും ഉപയോഗിക്കാനാവുക. ഹോൾസെയിൽ ബാങ്കുകൾ തമ്മിലുള്ള ഇടപാടുകൾക്കും സെക്യൂരിറ്റി സെറ്റിൽമെന്റിനുമുള്ളതാണ്.
രാജ്യത്ത് ഡിജിറ്റല്‍ കറൻസി പുറത്തിറക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനകാര്യമന്ത്രി നിര്‍മല സീതാരാമന് വ്യക്തമാക്കിയിരുന്നു. 2023 മാർച്ച് 31ന് അവസാനിക്കുന്ന ഈ സാമ്പത്തിക വർഷം സ്വന്തം ഡിജിറ്റൽ കറൻസി അവതരിപ്പിക്കുകയാണ് ലക്ഷ്യം.
📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇

Leave a comment