യൂട്യൂബ് നോക്കി തോക്കുണ്ടാക്കി വില്‍പന നടത്തിയ യുവാക്കൾ പിടിയിൽ

സേലം: യൂട്യൂബ് നോക്കി തോക്കുണ്ടാക്കി വിൽപന നടത്തിയ യുവാക്കള്‍ പിടിയില്‍. സേലം എരുമപ്പാളയം സ്വദേശികളായ നവീന്‍ ചക്രവര്‍ത്തി സഞ്ജയ് പ്രകാശ് എന്നിവരെയാണ് ഓമല്ലൂര്‍ പൊലീസ് പിടികൂടിയത്. ഇവർക്കെതിരെ എൻഐഎ നടപടി ആരഭിച്ചു. ഇവരുടെ വീടുകളിലും തോക്കുണ്ടാക്കാനായി ഫാക്ടറി സ്ഥാപിച്ച സ്ഥലത്തും എന്‍.ഐ.എ റെയ്ഡ് നടത്തി.

മേയ് 20നാണ് ഇവർ അറസ്റ്റിലായത്. ഈ കേസിലാണ് എൻഐഎ ഇപ്പോൾ തുടർനടപടികൾ ആരംഭിച്ചിരിക്കുന്നത്.  രാത്രികാല പരിശോധനയ്ക്കിടെയാണ് യുവാക്കൾ പിടിയിലായത്. ബൈക്കിലെത്തിയ ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് ഇവരെ പരിശോധിച്ചപ്പോഴാണ് ബാഗിൽ നിന്ന് മാരകായുധങ്ങൾ കണ്ടെത്തിയത്. കൈത്തോക്ക്, ഇരട്ടക്കുഴല്‍ തോക്ക്, പാതി നിര്‍മാണം പൂര്‍ത്തിയായ മറ്റൊരു തോക്ക്, കത്തികള്‍, മുഖം മൂടികള്‍‌ എന്നിവ പിടിച്ചെടുത്തു.

യൂട്യൂബ് ടൂട്ടോറിയൽ നോക്കി തോക്കുണ്ടാക്കിയതിന് വിജയകരമായതോടെയാണ് നവീനും സഞ്ജയും ഇതൊരു വരുമാന മാർഗമാക്കാൻ തീരുമാനിച്ചത്. തുടർന്ന് വീടു വാടകയ്ക്കെടുത്ത് ഉപകരണങ്ങളെല്ലാം സ്ഥാപിച്ച് ഫാക്ടറി ആരംഭിച്ചായിരുന്നു തോക്ക് നിര്‍മാണം. തോക്ക് ആവശ്യമുള്ളവരെ ഉൾപ്പെടുത്തി ഗ്രൂപ്പും ഉണ്ടാക്കി.

ഇങ്ങനെ നിർമ്മിച്ച തോക്ക് ആവശ്യക്കാരന് കൈമാറുന്നതിനായി പോകുമ്പോഴാണ് ഇവര്‍‌ പിടിയിലായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ക്കു സഹായങ്ങള്‍ നല്‍കിയ കപിലന്‍ എന്നയാളും അറസ്റ്റിലായി. കേസില്‍ എന്‍.ഐ.എ നേരത്തെ പ്രാഥമിക വിവരശേഖരണം നടത്തിയിരുന്നു. തുടര്‍ന്നാണു മൂവരുടെയും വീടുകളിലും തോക്ക് നിർമാണ കേന്ദ്രങ്ങളിലും എൻഐഎ റെയ്ഡ് നടത്തിയത്.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started