


05-10-2022
പോത്തൻകോട് : ശാന്തിഗിരി ആശ്രമത്തിൽ പുതുതായി പത്തൊൻപതുപേർകൂടി സന്ന്യാസിമാരാകും. എൺപതോളം യുവതീ യുവാക്കൾ ബ്രഹ്മചാരി സംഘത്തിലേക്ക് ചേരും. സന്ന്യാസദീക്ഷാ വാർഷികദിനമായ ബുധനാഴ്ച ഗുരുസ്ഥാനീയ ശിഷ്യപൂജിത സഹകരണമന്ദിരത്തിൽ വെച്ച് 19 പേർക്ക് ദീക്ഷ നൽകും. ഇതിൽ ഒരാൾ ജർമൻ സ്വദേശിയായ സ്റ്റെഫാൻ ഷിസ്സെയാണ്. ആദ്യമായാണ് ഒരു വിദേശിക്ക് ആശ്രമത്തിൽനിന്നു ദീക്ഷ നൽകുന്നത്. ഇതോടെ 86 പേരടങ്ങുന്ന ആശ്രമത്തിന്റെ സന്ന്യാസസംഘം 105 പേരാകും.
വിജയദശമി ദിനത്തിൽ ബ്രഹ്മചാരി-ബ്രഹ്മചാരിണി സംഘത്തിൽ ചേരുന്നവരിൽ അഞ്ചുപേർ കേരളത്തിനു പുറത്തുനിന്നുള്ളവരാണ്. 1984 ഒക്ടോബർ നാലിനാണ് ശാന്തിഗിരിയിൽ പ്രഥമ സന്ന്യാസദീക്ഷാ കർമം നടന്നത്. 26-ന് ആരംഭിച്ച പ്രാർഥനാസങ്കല്പങ്ങൾക്കും സത്സംഗത്തിനും വാർഷിക ദിനത്തിൽ സമാപനമാകും. ബുധനാഴ്ച രാവിലെ 6-ന് ആരാധനയോടെ ചടങ്ങുകൾ ആരംഭിക്കും. 12 മണിയുടെ ആരാധനയ്ക്കുശേഷം ദീക്ഷാവാർഷികം ചടങ്ങുകളും സമ്മേളനവും നടക്കും. നിരവധി പ്രമുഖർ ചടങ്ങുകളിൽ പങ്കെടുക്കും. ഉച്ചയ്ക്ക് ഗുരുപൂജയും വിവിധ സമർപ്പണങ്ങളും നടക്കും. വൈകീട്ട് 6-ന് ആരാധനയ്ക്കുശേഷം പുഷ്പസമർപ്പണവും തുടർന്ന് ദീപപ്രദക്ഷിണവും ഉണ്ടാകും. ആശ്രമം സ്പിരിച്വൽ സോൺ കോൺഫറൻസ് ഹാളിൽ നടന്ന പത്രസമ്മേളനത്തിൽ ശാന്തിഗിരി ഹെൽത്ത് കെയർ- റിസർച്ച് ഓർഗനൈസേഷൻ ഇൻ-ചാർജ് സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി, സീനിയർ ജനറൽ മാനേജർമാരായ ഡി.പ്രദീപ്കുമാർ, ടി.കെ.ഉണ്ണികൃഷ്ണപ്രസാദ്, എ.ജി.എം. പദ്‌മകുമാർ എസ്. എന്നിവർ പങ്കെടുത്തു.
📢📢📢📢📢📢📢📢
നിങ്ങളുടെ ബിസിനസ്സ്
പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇

Leave a comment