റെയിൽവേ ട്രാക്കിൽ നഷ്ടമായ വിവാഹമോതിരം കണ്ടെത്തി തിരിച്ചേൽപ്പിച്ചു

02-10-2022

വർക്കല : തീവണ്ടിയിൽനിന്നു കൈ കഴുകുമ്പോൾ അബദ്ധവശാൽ വാഷ് ബെയ്‌സിനിലൂടെ ട്രാക്കിലേക്കു വീണ മോതിരം റെയിൽവേ പോലീസ് കണ്ടെത്തി യാത്രക്കാരനെ തിരിച്ചേൽപ്പിച്ചു. നെയ്യാറ്റിൻകര സ്വദേശിയും കാട്പാടി വി.ഐ.ടി. എൻജിനിയറിങ് കോളേജിലെ ഗവേഷക വിദ്യാർഥിയുമായ അലക്‌സിനാണ് വിവാഹമോതിരം തിരികെ ലഭിച്ചത്. കാട്പാടിയിൽനിന്ന്‌ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുകയായിരുന്നു അലക്‌സ്. ശനിയാഴ്ച രാവിലെ 6.30-ഓടെ തീവണ്ടി വർക്കല സ്റ്റേഷനിൽ എത്തിയപ്പോഴാണ് വാഷ് ബെയ്‌സിനിൽ കൈ കഴുകിയത്. 

ഇതിനിടെ മോതിരം വിരലിൽനിന്നു വഴുതി ബെയ്‌സിനിലൂടെ ട്രാക്കിലേക്കു വീഴുകയായിരുന്നു. തീവണ്ടി നീങ്ങിത്തുടങ്ങിയതിനാൽ ഇറങ്ങി മോതിരം എടുക്കാനുള്ള സാവകാശം ലഭിച്ചില്ല. തിരുവനന്തപുരം സ്റ്റേഷനിലിറങ്ങിയ അലക്‌സ് റെയിൽവേ പോലീസിന്റെ സഹായംതേടി. അവർ വിവരം വർക്കല റെയിൽവേ പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു. അലക്‌സ് സഞ്ചരിച്ച കോച്ചിന്റെ സ്ഥാനം ഉൾപ്പെടെയുള്ള വിവരങ്ങളും കൈമാറി. ഡ്യൂട്ടിയിലുണ്ടായിരുന്ന സി.പി.ഒ.മാരായ റിജീഷും അനിൽകുമാറും കരാർ തൊഴിലാളി നാഗേന്ദ്രനും ചേർന്ന് ട്രാക്കിൽ തിരച്ചിൽ നടത്തി. 

ഒടുവിൽ ചല്ലികൾക്കിടയിൽനിന്നു മോതിരം തിരികെക്കിട്ടി. വിവരമറിഞ്ഞ് അലക്‌സ് വർക്കല സ്റ്റേഷനിലെത്തി. സ്റ്റേഷൻ സൂപ്രണ്ട് ജഗദീഷിന്റെ സാന്നിധ്യത്തിൽ പോലീസുകാർ മോതിരം അലക്‌സിനെ തിരിച്ചേൽപ്പിച്ചു. വിഷയത്തിൽ ആത്മാർഥമായി ഇടപെട്ട പോലീസ് ഉദ്യോഗസ്ഥരെ വർക്കല റെയിൽവേ വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് സി.പ്രസന്നകുമാർ അഭിനന്ദിച്ചു.

📢📢📢📢📢📢📢📢
നിങ്ങളുടെ ബിസിനസ്സ്
പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …

👇👇👇👇👇👇👇👇👇


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started