


02-10-2022
തിരുവനന്തപുരം : മയക്കുമരുന്ന് വ്യാപനത്തെയും ലഹരിയുടെ ഉപയോഗത്തെയും ഏക മനസ്സോടെ പ്രതിരോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം വൈ.എം.സി.എ.യുടെ 150-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മയക്കുമരുന്നിന്റെ പിന്നിലുള്ള ശക്തികൾ നാടിന്റെ പ്രസരിപ്പ് ഇല്ലാതാക്കുന്നു. പ്രതികരണശേഷി ഇല്ലാതായി മനുഷ്യത്വം ചോർന്നു പോകും. മനുഷ്യവിരുദ്ധമായ സംസ്‌കാരത്തിനും പെരുമാറ്റത്തിനും ഇത് ഇടവരുത്തും.
ഗാന്ധിജയന്തി ദിനത്തിൽ സർക്കാർ നടത്തുന്ന ഒരുമാസം നീണ്ട ലഹരിവിരുദ്ധ പരിപാടിയുടെ വിജയത്തിന് വൈ.എം.സി.എ.യുടെ ശ്രമം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ദിവാന്റെ നിരോധം മറികടന്നുകൊണ്ട് സ്വാതന്ത്ര്യ സമരസേനാനികൾക്ക് ദേശീയപതാക ഉയർത്താനുള്ള സന്നദ്ധത വൈ.എം.സി.എ. കാട്ടിയിരുന്നു. സ്വാതന്ത്ര്യസമരത്തിൽ നിന്നും ഉയർന്നുവന്ന മൂല്യങ്ങളോട് ചേർന്നുനിന്നുള്ള പ്രവർത്തനമാണ് വൈ.എം.സി.എ. നടത്തിയത്. ആ മൂല്യങ്ങൾ സംരക്ഷിക്കേണ്ടത് ആവശ്യമാണ്.
കേരളത്തിലെ വൈജ്ഞാനിക മേഖലയുടെ വളർച്ചയ്ക്ക് വൈ.എം.സി.എ.യ്ക്ക് പങ്കുണ്ട്. അത്തരം ഇടപെടലുകൾ ശതോത്തര ജൂബിലി ആഘോഷത്തെ അർഥവത്താക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈ.എം.സി.എ. പ്രസിഡന്റ് കെ.ഐ.കോഷി അധ്യക്ഷനായി.
വൈ.എം.സി.എ. സ്ഥാപകൻ ജോർജ് വില്യംസിന്റെ പ്രതിമ ചടങ്ങിൽ ഉമ്മൻചാണ്ടി അനാവരണം ചെയ്തു. കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ കുട്ടികൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
നാഷണൽ കൗൺസിൽ ഓഫ് വൈ.എം.സി.എ. പ്രസിഡന്റ് റിട്ട. ചീഫ് ജസ്റ്റിസ് ജേക്കബ് െബഞ്ചമിൻ കോശി മുഖ്യപ്രസംഗം നടത്തി. 150-ാം വർഷത്തോടനുബന്ധിച്ച് തപാൽ വകുപ്പ് പുറത്തിറക്കിയ പോസ്റ്റൽ കവർ ചീഫ് പി.എം.ജി. ഷൗലി ബർമനിൽ നിന്നും അദ്ദേഹം സ്വീകരിച്ചു.
ജൂബിലിയുടെ തീം സോങ് ഒ.രാജഗോപാൽ പുറത്തിറക്കി. വൈ.എം.സി.എ. കേരള റീജണൽ ചെയർമാൻ ജിയോ ജേക്കബ്, തിരുവനന്തപുരം ഭാരവാഹികളായ കെ.വി.തോമസ്, ഷാജി ജയിംസ് തുടങ്ങിയവർ പ്രസംഗിച്ചു.
📢📢📢📢📢📢📢📢
നിങ്ങളുടെ ബിസിനസ്സ്
പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇

Leave a comment