


28-09-2022
വർക്കല : ഒരു രാത്രി മുഴുവൻ ആരുമറിയാതെ കിണറ്റിനുള്ളിൽ കുടുങ്ങിക്കിടന്ന തൊഴിലാളിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. വർക്കല എം.ജി. കോളനി ശ്രീനി ഭവനിൽ മനോജ്(41) ആണ് അപകടത്തിൽപ്പെട്ടത്. 60 അടി താഴ്ചയുള്ള കിണർ വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം. തിങ്കളാഴ്ച രാവിലെ ശ്രീനിവാസപുരം ശാന്തിഗിരി ക്ഷേത്രത്തിനു സമീപം ശില്പ നിവാസിൽ മണിലാലിന്റെ പറമ്പിലെ കിണർ വൃത്തിയാക്കുന്നതിനിടെയാണ് കാൽവഴുതി കിണറ്റിൽ അകപ്പെട്ടത്. ഉച്ചത്തിൽ നിലവിളിച്ചെങ്കിലും സമീപത്തൊന്നും ആരുമില്ലാതിരുന്നതിനാൽ ശ്രദ്ധയിൽപ്പെട്ടില്ല. .
ചൊവ്വാഴ്ച രാവിലെ ബന്ധുക്കളും വീട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടെയാണ് കിണറ്റിനുള്ളിൽനിന്നു മനോജിന്റെ ശബ്ദം കേൾക്കുന്നത്.
ആൾമറയുള്ള കിണറ്റിലെ മോട്ടോർ പമ്പിന്റെ കയറിൽ പിടിച്ചു കിടക്കുന്ന നിലയിലാണ് കണ്ടത്. വർക്കലയിൽനിന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി റോപ്പും നെറ്റും ഉപയോഗിച്ച് മനോജിനെ കിണറ്റിനു പുറത്തെത്തിച്ചു.
വർക്കല ഫയർ സ്റ്റേഷൻ ഓഫീസർ അരുൺ മോഹന്റെ നേതൃത്വത്തിൽ ഗ്രേഡ് എ.എസ്.ടി.ഒ. മുകുന്ദൻ ആർ.കെ., ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർമാരായ ബി.ദിനേശ്, വിപിൻ എസ്., ഷൈൻ ആർ.എസ്., വിനീഷ് കുമാർ, ജ്യോതിഷ് കുമാർ, നജിം എസ്.വിജയൻ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Leave a comment