


Sep 27, 2022
ദില്ലി: മലയാളി താരം സഞ്ജു സാംസൺ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യൻ ടീമിൻ്റെ വൈസ് ക്യാപ്റ്റനാവുമെന്ന് റിപ്പോർട്ട്. ദക്ഷിണാഫ്രിക്കക്കെതിരെ രണ്ടാം നിര താരങ്ങളാണ് കളിക്കുക. ശിഖർ ധവാൻ ആവും ക്യാപ്റ്റൻ. പരമ്പരക്കുള്ള ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സഞ്ജു സാംസണ്‍ ഉപനായകന്‍ ആകാനാണ് സാധ്യത കല്‍പിക്കുന്നത്. ടീമിലെ മറ്റ് താരങ്ങളിൽ ക്യാപ്റ്റൻസി പരിചയവും സീനിയോരിറ്റിയും കൂടുതലുള്ളത് സഞ്ജുവിനായതിനാലാണ് ക്രിക്കറ്റ് നിരൂപകർ സഞ്ജു വൈസ് ക്യാപ്റ്റനാകാനുള്ള സാധ്യത പ്രവചിക്കുന്നത്.
ന്യൂസീലൻഡ് എയ്ക്കെതിരെ ഇന്ത്യ എ ടീമിനെ നയിച്ചത് സഞ്ജു ആയിരുന്നു. പരമ്പരയിൽ സഞ്ജുവിൻ്റെ ക്യാപ്റ്റൻസി പ്രശംസ പിടിച്ചുപറ്റിയിരുന്നു. ആദ്യ രണ്ട് മത്സരങ്ങൾ വിജയിച്ച ഇന്ത്യ പരമ്പര നേടുകയും ചെയ്തു. ഇതും സഞ്ജുവിനെ വൈസ് ക്യാപ്റ്റനാക്കാനുള്ള തീരുമാനത്തിനു ശക്തി പകർന്നിട്ടുണ്ടെന്നാണ് സൂചന. ഇന്ന് നടക്കുന്ന ഇന്ത്യ എ – ന്യൂസീലൻഡ് എ മത്സരത്തിനു ശേഷം ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന ടീം പ്രഖ്യാപിക്കും.
അതേസമയം ഒക്ടോബറിൽ ആസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിൽ മലയാളി താരം സഞ്ജു സാംസൺ കളത്തിലിറങ്ങാൻ സാധ്യതയേറുകയാണ്. ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയ്ക്ക് പരിക്കേറ്റതിനെത്തുടർന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിൽ നിന്ന് പുറത്തായതോടെയാണ് സഞ്ജുവിന് സാധ്യത കല്പിക്കപ്പെടുന്നത്. കടുത്ത പുറംവേദനയെ തുടര്‍ന്നാണ് ഹൂഡയെ ടീമില്‍ നിന്നൊഴിവാക്കിയത്. കൊവിഡ് ബാധിച്ച് ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ നിന്ന് പുറത്തായ മുഹമ്മദ് ഷമിയും ടീമിലില്ല . താരങ്ങൾക്ക് പരിക്കേറ്റ സാഹചര്യത്തിൽ നിലവിൽ മികച്ച ഫോമിലുള്ള സഞ്ജുവിനെ ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് വിവരം.
സ്റ്റാൻഡ് ബൈ താരമായി സ്ററീയസ് അയ്യർ ഉണ്ടെങ്കിലും ആസിറിലിയയിലെ പിച്ചിന്റെ സാഹചര്യം കണക്കിലെടുക്കുമ്പോൾ സഞ്ജു സാംസണിനാണ് ക്രിക്കറ്റ് നിരൂപകർ സാധ്യത കൽപ്പിക്കുന്നത്. പേസ് ഉള്ള പിച്ചാണ് ആസ്ട്രേലിയയിലേത്. മികച്ച രീതിയിൽ പേസിനെ കൈകാര്യം ചെയ്യുന്ന താരമാണ് സഞ്ജു. അയ്യരുടെ സമീപകാല പ്രകടനങ്ങൾ വിലയിരുത്തുമ്പോൾ ആസ്‌ട്രേലിയയിൽ മികച്ച കളി പുറത്തെടുക്കാനാകുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ക്രിക്കറ്റ് നിരൂപകർ സഞ്ജുവിന് കൂടുതൽ സാധ്യത കൽപ്പിക്കുന്നത്.
എന്നാല്‍ ലോകകപ്പ് ടീമില്‍ എന്തെങ്കിലും മാറ്റം വരുത്തുമോ എന്ന് ഉറപ്പായിട്ടില്ല. ഒക്ടോബര്‍ ആറിനാണ് ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയിലേക്ക് തിരിക്കുന്നത്. ടീമില്‍ മാറ്റം വരുത്താന്‍ ഇനിയും സമയം ബാക്കിയുണ്ട്. ഒക്ടോബര്‍ 16 മുതല്‍ 23 വരെയാണ് ലോകകപ്പ്.

Leave a comment