തലസ്ഥാനത്ത് എത്തിയ നവരാത്രി വിഗ്രഹ ഘോഷയാത്ര തിരുവിതാംകൂർ രാജകുടുംബാംഗങ്ങൾ ആചാരപരമായി വരവേറ്റു

September 26, 2022

തിരുവനന്തപുരം∙ തലസ്ഥാനത്ത് എത്തിയ നവരാത്രി വിഗ്രഹ ഘോഷയാത്ര തിരുവിതാംകൂർ രാജകുടുംബാംഗങ്ങൾ ആചാരപരമായി വരവേറ്റു. ഇന്ന് രാവിലെ നവരാത്രി മണ്ഡപത്തിലും മറ്റ് ക്ഷേത്രങ്ങളിലും വിഗ്രഹങ്ങളെ പൂജയ്ക്കിരുത്തും. ഘോഷയാത്രയിൽ അകമ്പടിയായി കൊണ്ടുവന്ന ഉടവാൾ നവരാത്രി മണ്ഡപത്തിന് മുന്നിൽ രാജകുടുംബം സ്ഥാനി മൂലം തിരുനാൾ രാമവർമ ഏറ്റുവാങ്ങി.

കവടിയാർ രാജകുടുംബാംഗങ്ങളായ പൂയം തിരുനാൾ ഗൗരിപാർവതിബായി, അശ്വതി തിരുനാൾ ഗൗരിലക്ഷ്മിബായി, ആദിത്യവർമ, നവരാത്രി ട്രസ്റ്റ് ഭാരവാഹികളായ ആർ.രാജരാജവർമ, ഡി.വെങ്കിടേശ്വര അയ്യർ, ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസർ ബി.സുരേഷ്‌കുമാർ, മാനേജർ ബി.ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.

പത്മനാഭപുരം കൊട്ടാര ത്തിൽ നിന്നു വേളിമല കുമാരസ്വാമി, സരസ്വതി ദേവി, ശുചീന്ദ്രം മുന്നൂറ്റിനങ്ക എന്നീ വിഗ്രഹങ്ങളാണ് ഘോഷയാത്രയായി എത്തിച്ചത്. നെയ്യാറ്റിൻകരയിൽ നിന്ന് ഇന്നലെ പുറപ്പെട്ട എഴുന്നള്ളത്തിന് നേമത്ത് റവന്യു വകുപ്പ് സ്വീകരണം നൽകി. അവിടെ നിന്നു കരമന ആവടിയമ്മൻ കോവിലിലെത്തിച്ച വിഗ്രഹങ്ങൾക്ക് ഇറക്കിപ്പൂജയും സരസ്വതീദേവിക്ക് ആറാട്ടും നടത്തി. ശേഷം കുമാരസ്വാമിയെ അലങ്കരിച്ച വെള്ളിക്കുതിരപ്പുറത്ത് എഴുന്നള്ളിച്ചു.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started