21-01-2024

പോത്തൻകോട് : നിർമാണം പൂർത്തീകരിച്ച് ഒന്നരവർഷം കഴിഞ്ഞിട്ടും പ്രവർത്തനം തുടങ്ങാതെ കെ.എസ്.ആർ.ടി.സി. കണിയാപുരം ഡിപ്പോയിലെ വഴിയോര വിശ്രമകേന്ദ്രം.
കെ.എസ്.ആർ.ടി.സി.യും പഞ്ചായത്തും തമ്മിലുള്ള തർക്കം കാരണമാണ് പ്രവർത്തനം തുടങ്ങാത്തതെന്നാണ് ആക്ഷേപം. പ്രവർത്തനം തുടങ്ങിയാൽ അത് ഡിപ്പോയുടെ പ്രവർത്തനത്തെ ബാധിക്കും. ദേശീയപാതയുടെ നിർമാണം പൂർത്തിയാകുമ്പോൾ ഡിപ്പോയിലെ ബസുകൾ നിർത്തിയിടാൻതന്നെ സ്ഥലപരിമിതിയുണ്ടെന്ന് ജീവനക്കാർ പറയുന്നു.
To advertise here, Contact Us
ഈ സാഹചര്യത്തിൽ ഡിപ്പോയ്ക്കുള്ളിൽ സ്വകാര്യ വാഹനങ്ങൾ നിർത്തിയിടാനും കഴിയില്ല. അണ്ടൂർക്കോണം ഗ്രാമപ്പഞ്ചായത്തിന്റെ മേൽനോട്ടത്തിലാണ് വിശ്രമകേന്ദ്രം നിർമിച്ചത്. കേരള ശുചിത്വമിഷൻ അനുവദിച്ച ഫണ്ടും നഗരസഞ്ചയം പദ്ധതിയിൽനിന്നു ലഭിച്ച 20 ലക്ഷം രൂപയും വിനിയോഗിച്ചാണ് നിർമാണം നടത്തിയത്. ലഘു ഭക്ഷണശാല, വിശ്രമകേന്ദ്രം, മുലയൂട്ടൽ കേന്ദ്രം, പുരുഷൻമാർക്കും സ്ത്രീകൾക്കും പ്രത്യേക ശൗചാലയങ്ങൾ എന്നിവയാണ് വഴിയോര വിശ്രമകേന്ദ്രത്തിലുള്ളത്. വിശ്രമകേന്ദ്രത്തിലേക്ക് ആവശ്യമുള്ള കുടിവെള്ളത്തിനായി ഭൂഗർഭജല വകുപ്പിന്റെ മേൽനോട്ടത്തിൽ കുഴൽക്കിണറിന്റെ നിർമാണം അവസാനഘട്ടത്തിലാണ്.
ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാരാണ് കണിയാപുരം കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ വന്നുപോകുന്നത്. യാത്രക്കാർക്കും ഡിപ്പോയിലെ ജീവനക്കാർക്കും പ്രാഥമികാവശ്യങ്ങൾപോലും നിർവഹിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. വിശ്രമകേന്ദ്രത്തിന്റെ പ്രവർത്തനം തുടങ്ങിയാൽ യാത്രക്കാർക്ക് ഗുണംചെയ്യും. കുടുംബശ്രീയിലെ വനിതകൾക്കാണ് വിശ്രമകേന്ദ്രത്തിന്റെ നടത്തിപ്പുചുമതലയെന്ന് പഞ്ചായത്തധികൃതർ പറഞ്ഞു. :കെ.എസ്.ആർ.ടി.സി. കണിയാപുരം ഡിപ്പോയിൽ അണ്ടൂർക്കോണം പഞ്ചായത്ത് നിർമിച്ച വഴിയോര വിശ്രമകേന്ദ്രത്തിന്റെ പ്രവർത്തനം തുടങ്ങാൻ അധികൃതർ തയ്യാറാകണം. ഡിപ്പോയിലെ ജീവനക്കാർക്കും യാത്രക്കാർക്കും പ്രയോജനപ്രദമാകും.

Leave a comment