21-01-2024

തിരുവനന്തപുരം : കേന്ദ്ര അവഗണനയ്ക്കെതിരേ ഡി.വൈ.എഫ്.ഐ. സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയിൽ ജില്ലയിൽ പതിനായിരങ്ങൾ അണിനിരന്നു. ഇടയ്ക്കുപെയ്ത മഴയെയും അവഗണിച്ച് കൊച്ചുകുട്ടികളും സ്ത്രീകളും മുതൽ പ്രായമായവർവരെ ചങ്ങലയിലെ കണ്ണികളായി. രാജ്ഭവനുമുന്നിൽ ഡി.വൈ.എഫ്.ഐ. പ്രഥമ അഖിലേന്ത്യാ പ്രസിഡന്റ് ഇ.പി.ജയരാജൻ അവസാന കണ്ണിയായി.
രാജ്ഭവനു മുന്നിലെ പൊതുയോഗം സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ ഭാര്യ കമലയും മകൾ വീണയും കവടിയാറിനു സമീപം ചങ്ങലയുടെ ഭാഗമായി.
To advertise here, Contact Us
കാസർകോട്ട് ഡി.വൈ.എഫ്.െഎ. അഖിലേന്ത്യാ പ്രസിഡന്റ് എ.എ.റഹിം ആദ്യ കണ്ണിയായ മനുഷ്യച്ചങ്ങലയുടെ സമാപനസ്ഥലമായിരുന്നു രാജ്ഭവനു മുൻവശം. കവടിയാർ ആരംഭിച്ച് ദേശീയ പാതയിലൂടെ ജില്ലാ അതിർത്തിയായ കടമ്പാട്ടുകോണം വരെ 50 കി. മീറ്റർ ദൂരത്തിലാണ് ജില്ലയിൽ ചങ്ങല തീർത്തത്. 19 കേന്ദ്രങ്ങളിൽ പൊതുയോഗവും സംഘടിപ്പിച്ചു.
ശനിയാഴ്ച അഞ്ചിനായിരുന്നു ചങ്ങല തീർക്കലെങ്കിലും ഉച്ചകഴിഞ്ഞതോടെതന്നെ പ്രവർത്തകർ നഗരത്തിലെത്തി. വൈകീട്ട് മൂന്നു മുതൽ രാജ്ഭവനുമുന്നിൽ കലാപരിപാടികൾ ആരംഭിച്ചു.
നാലരയോടെ ട്രയൽ ചങ്ങലയും തീർത്തു. ഉച്ചതിരിഞ്ഞതോടെ നഗരാതിർത്തിക്ക് പുറത്തും പ്രവർത്തകർ പാതവക്കുകൾ കൈയടക്കി.
ഡി.വൈ.എഫ്.ഐ. മുൻ സംസ്ഥാന ജില്ലാ നേതാക്കൾ, സാമൂഹിക രാഷ്ട്രീയരംഗത്തെ പ്രമുഖർ, ജനപ്രതിനിധികൾ എന്നിവർ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പങ്കെടുത്തു. മധുപാൽ, മുരുകൻ കാട്ടാക്കട, ആർകിടെക്റ്റ് ശങ്കർ, ജി.എസ്.പ്രദീപ്, ഗിരീഷ് പുലിയൂർ തുടങ്ങിയവർ സാംസ്കാരിക രംഗത്തുനിന്നുള്ള സാന്നിധ്യമായി.
സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് രാജ്ഭവന് മുന്നിൽ പ്രതിജ്ഞ ചൊല്ലി. പൊതുയോഗം സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.
ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് വി.വസീഫ് അധ്യക്ഷനായി. അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഹിമാംഗനരാജ് ഭട്ടാചാര്യ, എസ്.രാമചന്ദ്രൻ പിള്ള, എം.എ.ബേബി, ജോസ് കെ.മാണി, ആനാവൂർ നാഗപ്പൻ, വി.ജോയ് എം.എൽ.എ., എം.വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ., കോലിയക്കോട് എൻ.കൃഷ്ണൻ നായർ, ജോൺ ബ്രിട്ടാസ് എം.പി., മേയർ ആര്യാ രാജേന്ദ്രൻ, ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി ഷിജൂഖാൻ തുടങ്ങിയവർ പ്രധാനകേന്ദ്രത്തിൽ പങ്കെടുത്തു.
കടമ്പാട്ടുകോണം മുതൽ നാവായിക്കുളം വരെ കിളിമാനൂർ ബ്ലോക്ക് കമ്മിറ്റിയിലെ പ്രവർത്തകർ അണിനിരന്നു. പൊതുയോഗം സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ബി.പി.മുരളി ഉദ്ഘാടനം ചെയ്തു.
വർക്കല ബ്ലോക്ക് കമ്മിറ്റിയിലെ പ്രവർത്തകർ നാവായിക്കുളം മുതൽ കല്ലമ്പലംവരെയാണ് ചങ്ങല തീർത്തത്. പൊതുയോഗം അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ശ്രീജാ ഷൈജുദേവ് ഉദ്ഘാടനം ചെയ്തു.
കല്ലമ്പലം മുതൽ കടുവാപ്പള്ളിവരെ നിരന്ന വെഞ്ഞാറമൂട് ബ്ലോക്ക് കമ്മിറ്റിയുടെ പരിപാടി ഡി.കെ.മുരളി എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
കടുവാപ്പള്ളി മുതൽ ചാത്തൻപാറ വരെയായിരുന്നു നെടുമങ്ങാട് ബ്ലോക്ക് കമ്മിറ്റി.
ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റിയുടെ ചങ്ങല പുവൻപാറയിൽ ആരംഭിച്ച് ആറ്റിങ്ങൽ ഐ.ടി.ഐ. ജങ്‌ഷൻവരെ നീണ്ടു. നവധാര ജങ്‌ഷൻ മുതൽ എ.ജെ.കോളേജ് വരെയായിരുന്നു കോവളം ബ്ലോക്ക് കമ്മിറ്റി. കുറക്കോട്-സി.ആർ.പി.എഫ്. ജങ്‌ഷന് വരെ നെയ്യാറ്റിൻകര ബ്ലോക്ക് പ്രവർത്തകർ അണിചേർന്നു.
ശ്രീകാര്യം മുതൽ ഉള്ളൂർ വരെ നിരന്ന വഞ്ചിയൂർ ബ്ലോക്ക് കമ്മിറ്റിയുടെ പങ്കാളിത്തം സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എൻ.രതീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

Leave a comment