18-01-2024

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനദിവസമായ ജനുവരി 22ന് എല്ലാ കേന്ദ്ര സർക്കാർ ഓഫീസുകൾക്കും അരദിവസം അവധി. കേന്ദ്രമന്ത്രി ജിതേന്ദ്ര പ്രസാദയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. രാജ്യത്തെമ്പാടും വളർന്ന വലിയ വൈകാരികതയെ മുൻനിർത്തിയാണ് സർക്കാർ ഈ തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
ഉച്ചയ്ക്ക് 2.30 വരെയാണ് കേന്ദ്ര സർക്കാർ ഓഫീസുകൾ അടച്ചിടുക. ഇതിൽ കേന്ദ്ര സർക്കാർ ഓഫീസുകൾ, കേന്ദ്ര വ്യാവസായിക സ്ഥാപനങ്ങൾ തുടങ്ങിയവയെല്ലാം പെടും. ജനുവരി 22ന് 12.30 ആണ് അയോധ്യയിലെ പ്രതിഷ്ഠാ കർമ്മത്തിന് മുഹൂർത്തം കണ്ടിരിക്കുന്നത്.
അയോധ്യയിൽ ഇതിനകം തന്നെ പ്രതിഷ്ഠാ ചടങ്ങിനു മുന്നോടിയായ ചടങ്ങുകൾ തുടങ്ങിയിട്ടുണ്ട്. ജനുവരി 18ന് പ്രതിഷ്ഠ ശ്രീകോവിലിൽ ഉറപ്പിക്കും. ഇതിനു ശേഷം 22നാണ് പ്രാൺ പ്രതിഷ്ഠാ ചടങ്ങ് നടക്കുക.
വിവിധ വിഭാഗങ്ങൾ അവധി ആവശ്യപ്പെട്ട് മുമ്പോട്ട് വരുന്നുണ്ട്. ജനുവരി 22ന് അവധി വേണമെന്ന് ബാർ കൗൺസിൽ ഓഫ് ഇന്ത്യ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതിയത് കഴിഞ്ഞദിവസമാണ്. വിവിധ സംസ്ഥാനങ്ങളും അന്നേദിവസം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a comment