സംസ്ഥാന സർക്കാരിന് കീഴിൽ ആദ്യ സീ ഫുഡ് റെസ്റ്റോറന്‍റ് ഇന്ന് പ്രവർത്തനം ആരംഭിക്കും.

10-01-2024

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് കീഴിൽ ആദ്യ സീ ഫുഡ് റെസ്റ്റോറന്‍റ് ഇന്ന് പ്രവർത്തനം ആരംഭിക്കും. 1.5 കോടി രൂപ ചെലവിൽ തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം ആഴാകുളത്താണ് ‘കേരള സീ ഫുഡ് കഫേ’ നിർമിച്ചത്. പൂര്‍ണ്ണമായും എയര്‍കണ്ടീഷന്‍ ചെയ്ത കെട്ടിടത്തിലാണ് റെസ്റ്റോറന്‍റ് പ്രവര്‍ത്തിക്കുക. മത്സ്യപ്രിയരായ മലയാളികൾക്ക് ഗുണനിലവാരമുള്ള മീൻ വിഭവങ്ങൾ ലഭ്യമാക്കാനാണ് സംസ്ഥാന ഫിഷറീസ് വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യഫെഡ് ലക്ഷ്യമിടുന്നത്.

മത്സ്യഫെഡിന്‍റെ വൈവിധ്യവല്‍ക്കരണത്തിന്‍റെ തുടര്‍ച്ചയായി ആദ്യഘട്ടത്തില്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സീ ഫുഡ് റെസ്റ്റോറന്‍റുകള്‍ ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലും മൂന്നാം ഘട്ടമായി എല്ലാ പഞ്ചായത്തുകളിലും റസ്റ്റോറന്‍റുകൾ തുടങ്ങുകയാണ് ലക്ഷ്യം.

2017ലെ ഓഖി ചുഴലിക്കാറ്റില്‍ തിരുവനന്തപുരത്ത് ജീവന്‍ പൊലിഞ്ഞ മത്സ്യത്തൊഴിലാളികളുടെ ആശ്രിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടികളുടെ ഭാഗമായി 20 പേര്‍ക്ക് റെസ്റ്റോറന്‍റിൽ തൊഴില്‍ നൽകുന്നുണ്ട്. മത്സ്യഫെഡ് വൈവിധ്യവല്‍ക്കരണത്തിന്‍റെ പുതിയ പാതയിലേക്ക് കടക്കുകയാണെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.

‘വൈവിധ്യവല്‍ക്കരണമെന്നതിനോടൊപ്പം വകുപ്പിന്‍റെ സാമൂഹ്യപ്രതിബദ്ധതയുടെയും സാക്ഷ്യപത്രമാണ്‌ ഈ സ്ഥാപനം. 2017 ലെ ഓഖി ചുഴലിക്കാറ്റില്‍ തിരുവനന്തപുരത്ത് ജീവന്‍ പൊലിഞ്ഞ മത്സ്യത്തൊഴിലാളികളുടെ ആശ്രിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടികളുടെ തുടര്‍ച്ച കൂടിയാണ് ഈ സംരംഭം. ഈ വിഭാഗത്തില്‍ നിന്നുള്ള 20 പേര്‍ക്ക് ഇവിടെ തൊഴില്‍ നല്‍കും.’ സജി ചെറിയാൻ പറഞ്ഞു.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started