രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റു ചെയ്തതിനെത്തുടർന്ന് തലസ്ഥാനത്ത് വിവിധയിടങ്ങളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു

10-01-2024

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റു ചെയ്തതിനെത്തുടർന്ന് തലസ്ഥാനത്ത് വിവിധയിടങ്ങളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. പലയിടത്തും പോലീസുമായി ഉന്തുംതള്ളുമുണ്ടായി.

വൈദ്യപരിശോധനയ്ക്കായി ഫോർട്ട് താലൂക്കാശുപത്രിയിലും ജനറൽ ആശുപത്രിയിലും എത്തിച്ചപ്പോഴും ജയിലിലേക്കു കൊണ്ടുപോകുമ്പോൾ വഞ്ചിയൂർ ജില്ലാ കോടതിക്കു പുറത്തും സംഘർഷമുണ്ടായി.

To advertise here, Contact Us

ചൊവ്വാഴ്ച രാവിലെ പത്തോടെ ഫോർട്ട് താലൂക്കാശുപത്രിയിൽ വൈദ്യപരിശോധന കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ പ്രവർത്തകർ ജീപ്പ് തടഞ്ഞു.

ജീപ്പിൽ ആഞ്ഞടിച്ച് പോലീസിനോട് കയർത്ത പ്രവർത്തകരെ ബലപ്രയോഗത്തിലൂടെ നീക്കിയാണ് ജീപ്പ് മുന്നോട്ടെടുത്തത്.

കോടതി നിർദേശിച്ചപ്രകാരം വൈദ്യപരിശോധന കഴിഞ്ഞ് വൈകീട്ട് അഞ്ചിന് ജനറൽ ആശുപത്രിയിൽനിന്നു തിരിച്ചിറങ്ങിയ രാഹുൽ മാധ്യമങ്ങളോടു സംസാരിക്കാൻ ശ്രമിച്ചു. ഇതു തടഞ്ഞ പോലീസ് രാഹുലിനെ ബലംപ്രയോഗിച്ച് ജീപ്പിൽ കയറ്റി. ഇതോടെ പരിസരത്തുണ്ടായിരുന്ന പ്രവർത്തകർ പ്രതിഷേധിച്ചു. തുടർന്ന് പ്രവർത്തകരെ നീക്കിയശേഷമാണ് കോടതിയിലേക്കു പുറപ്പെട്ടത്.

ജാമ്യം നിഷേധിച്ച വാർത്ത പുറത്തുവന്നതോടെ പ്രവർത്തകർ കോടതിക്കു പുറത്ത് തടിച്ചുകൂടി. രാഹുൽ മാങ്കൂട്ടത്തിലിന് അഭിവാദ്യമർപ്പിച്ച് മുദ്രാവാക്യം മുഴക്കി. 

പി.സി.വിഷ്ണുനാഥ് എം.എൽ.എ., കെ.എസ്.ശബരീനാഥ് തുടങ്ങിയവർ പ്രവർത്തകർക്കൊപ്പമുണ്ടായിരുന്നു. ആറരയോടെ രാഹുലുമായി വാഹനവ്യൂഹം കോടതിയിൽനിന്ന് പൂജപ്പുര ജയിലിലിലേക്കു പുറപ്പെട്ടു. വാഹനങ്ങൾ തടയരുതെന്ന് നേതാക്കൾ നിർദേശം നൽകിയിരുന്നെങ്കിലും ജീപ്പ് കോടതി ഗേറ്റിനു മുന്നിൽ പ്രവർത്തകർ തടഞ്ഞു. മുദ്രാവാക്യം മുഴക്കി മുന്നിൽനിന്നതിനാൽ ജീപ്പ് മുന്നോട്ടെടുക്കാൻ ഏറെ പണിപ്പെട്ടു. ബലപ്രയോഗത്തിലൂടെ പ്രവർത്തകരെ മാറ്റിയശേഷമാണ് വാഹനം കടന്നുപോയത്.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started