ബിജെപി നേതാവും ചലച്ചിത്ര താരവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കുവാൻ പ്രധാനമന്ത്രി വീണ്ടും കേരളത്തിലേയ്ക്ക്

10-01-2024

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക് വരുന്നു. ജനുവരി 16, 17 തീയതികളിലാണ് മോദി കേരളത്തിൽ എത്തുക. എറണാകുളം, തൃശൂർ ജില്ലകളിലെ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. ജനുവരി 16 ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് കൊച്ചിയിൽ റോഡ് ഷോ നിശ്ചയിച്ചിട്ടുണ്ട്. ജനുവരി മൂന്നിന് തൃശൂരിൽ പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെയാണ് മോദിയുടെ രണ്ടാം വരവ്. ബിജെപി നേതാവും ചലച്ചിത്ര താരവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിലും മോദി പങ്കെടുക്കും.

ജനുവരി 17 ബുധനാഴ്ചയാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹം. അന്ന് രാവിലെ രാവിലെ ഏഴിന് മോദി ഗുരുവായൂരിൽ എത്തും. ക്ഷേത്ര ദർശനം, സുരേഷ് ഗോപിയുടെ മകളുടെ വിവാഹം, സമൂഹ വിവാഹം തുടങ്ങിയ പരിപാടികളാണ് അന്ന് നിശ്ചയിച്ചിരിക്കുന്നത്. തുടർന്ന് കൊച്ചിയിൽ തിരിച്ചെത്തുന്ന പ്രധാനമന്ത്രി പാർട്ടി നേതൃ യോഗത്തിലും വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലും പങ്കെടുക്കും. ബുധനാഴ്ച ഉച്ചതിരിഞ്ഞ് സംസ്ഥാനത്തുനിന്ന് മടങ്ങും.

ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കവെയാണ് മോദിയുടെ കേരള സന്ദർശനങ്ങളെന്നത് ശ്രദ്ധേയമാണ്. തൃശൂരിൽ സുരേഷ് ഗോപി ജനവിധി തേടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തന്നെ പ്രഖ്യാപിച്ചിരുന്നു. ജനുവരി മൂന്നിന് ബിജെപിയുടെ മഹിള സംഗമം ഉദ്ഘാടനം ചെയ്യാനായിരുന്നു പ്രധാനമന്ത്രി നേരത്തെ തൃശൂരിലെത്തിയത്. സ്ത്രീ ശക്തി മോദിക്കൊപ്പം എന്ന പേരിലായിരുന്നു പരിപാടി.

റോഡ് ഷോ നടത്തിയ ശേഷമായിരുന്നു അന്ന് സമ്മേളന വേദിയിലേക്ക് മോദി എത്തിയത്. സ്വരാജ് റൗണ്ട് മുതല്‍ നായ്ക്കനാല്‍ വരെ ഒന്നര കിലോമീറ്ററിലായിരുന്നു റോഡ് ഷോ. മോദിയ്ക്കൊപ്പം കെ സുരേന്ദ്രൻ, സുരേഷ് ഗോപി, നിവേദിദ തുടങ്ങിയവരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. തേക്കിൻകാട് മൈതാനിയിൽ നടന്ന മഹിള സംഗമത്തിൽ നടി ശോഭന, പി ടി ഉഷ, ബീനാ കണ്ണൻ, വൈക്കം വിജയലക്ഷ്മി, ഉമാ പ്രേമൻ, ക്രിക്കറ്റ് താരം മിന്നു മണി എന്നിവർ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ടിരുന്നു.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started