08-01-2024

കൊല്ലം: 62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനക്കാരെ അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. അവസാന മണിക്കൂറുകളില്‍ പോയിന്റ് നില മാറിമറിയുകയാണ്. ആദ്യ നാല് ദിവസവും ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കണ്ണൂരിനെ അവസാനദിനം രാവിലെയാണ് കോഴിക്കോട് പിന്നിലാക്കിയത്. നിലവില്‍ കോഴിക്കോട് ജില്ലയാണ് മുന്നിലുള്ളത്.
95 % മത്സരങ്ങളുടെ ഫലം പുറത്തുവിട്ടപ്പോള്‍ 901 പോയിന്റുകള്‍ നേടിയാണ് കോഴിക്കോട് ജില്ല കണ്ണൂരിനെ പിന്തള്ളി ഒന്നാംസ്ഥാനത്തേക്ക് കുതിച്ചത്. 897 പോയിന്റുകളുമായി കണ്ണൂര്‍ ജില്ല രണ്ടാമതുണ്ട്. പാലക്കാട് 893 (മൂന്നാം സ്ഥാനം), തൃശൂര്‍ 875 (നാലാം സ്ഥാനം), മലപ്പുറം 863 (അഞ്ചാം സ്ഥാനം) എന്നിങ്ങനെയാണ് പോയിന്റ് പട്ടികയില്‍ മുന്നേറുന്നത്. പാലക്കാട് ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് 234 പോയിന്റുകള്‍ നേടി ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നത്.
കലാമാമാങ്കത്തിന്റെ അവസാന ദിനമായ ഇന്ന് 10 വേദികളിലായി 10 ഇനങ്ങള്‍ മാത്രമാണ് പൂര്‍ത്തിയാകാനുള്ളത്. ഈ മത്സരങ്ങളിലെ പോയിന്റ് നിലയായിരിക്കും കലോത്സവത്തില്‍ ചാംപ്യന്‍ ജില്ലയെ തീരുമാനിക്കുന്നതില്‍ നിര്‍ണായകമാകുക. നാടോടി നൃത്തം, പരിചമുട്ട്, കേരളനടനം, സ്‌കിറ്റ് ഇംഗ്ലീഷ്, വഞ്ചിപ്പാട്ട്, ട്രിപ്പിള്‍ ജാസ്, കഥകളി സംഗീതം, കഥാപ്രസംഗം, ശാസ്ത്രീയസംഗീതം, വയലിന്‍ എന്നിവയാണ് ഇന്നത്തെ മത്സരങ്ങള്‍.
ഇന്ന് രാവിലെ 9.30 യ്ക്ക് ആരംഭിക്കുന്ന മത്സരങ്ങള്‍ ഉച്ചയോടെ അവസാനിക്കും. വൈകീട്ട് 4.30 നാണ് സമാപന സമ്മേളനം. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ ചലച്ചിത്രതാരം മമ്മൂട്ടി വിശിഷ്ടാതിഥിയാകും.

Leave a comment