തൊട്ടിലിൽ ഉറങ്ങിക്കിടന്ന ഒന്നര വയസ്സുകാരനെ അമ്മയുടെ ഇളയസഹോദരി കിണറ്റിലെറിഞ്ഞ് കൊന്നു

05-01-2024

വിളപ്പിൽശാല : തൊട്ടിലിൽ ഉറങ്ങിക്കിടന്ന ഒന്നര വയസ്സുകാരനെ അമ്മയുടെ ഇളയസഹോദരി കിണറ്റിലെറിഞ്ഞ് കൊന്നു. വിളപ്പിൽശാല ഉറിയാക്കോട് സൈമൺറോഡിൽ അറുതലാംപാട് അങ്കണവാടിക്കു സമീപം തത്ത്വമസിയിൽ വാടകയ്ക്കു താമസിക്കുന്ന സിന്ധു(39)വിന്റെ ഒന്നര വയസ്സുള്ള മകൻ അനന്തനെയാണ് സിന്ധുവിന്റെ ഇളയസഹോദരി മഞ്ജു(36) എന്നുവിളിക്കുന്ന ബിന്ദു കിണറ്റിലെറിഞ്ഞു കൊന്നത്. 

ഈ സമയം വീട്ടിലുണ്ടായിരുന്ന കുഞ്ഞിന്റെ അമ്മ സിന്ധു മുൻവശത്തു നിൽക്കുകയായിരുന്നു.

To advertise here, Contact Us

മഞ്ജു വീടിന്റെ പിന്നിലൂടെ കുഞ്ഞിനെയെടുത്ത് സമീപത്തെ അങ്കണവാടിയുടെ കിണറിനു മുകളിലെ ഇരുമ്പിലുള്ള സുരക്ഷാഗ്രില്ലിന്റെ മൂടി ഇളക്കി അകത്തേക്കെറിയുകയായിരുന്നു. 

2015 മുതൽ മഞ്ജു മാനസികാസ്വാസ്ഥ്യത്തിനു ചികിത്സയിൽ കഴിയുകയാണെന്നതിനു രേഖകളുണ്ടെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. കുട്ടിയെ കിണറ്റിലെറിഞ്ഞ ശേഷം മഞ്ജു സമീപത്തെ തൊഴിലുറപ്പുതൊഴിലാളികളെ വിവരമറിയിക്കുകയായിരുന്നു.

നാട്ടുകാർ അറിയിച്ചിനെത്തുടർന്ന് കാട്ടാക്കടയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയാണ് കുഞ്ഞിനെ പുറത്തെത്തിച്ചത്. വിളപ്പിൽശാല പോലീസ് കുട്ടിയെ ജീപ്പിൽ വെള്ളനാട് സർക്കാർ ആശുപത്രിയിലെത്തിച്ചപ്പോൾ മരിച്ചിരുന്നു. പ്രതിയായ മഞ്ജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ശ്രീകണ്ഠൻ ആണ് കുഞ്ഞിന്റെ അച്ഛൻ. ശ്രീകണ്ഠന്റെ ആദ്യ ഭാര്യയാണ് പ്രതിയായ മഞ്ജു. രണ്ടാം പ്രസവത്തോടെ ഇവർക്ക് മാനസികപ്രശ്‌നങ്ങളുണ്ടായി. 

ഇതിനു ശേഷം ശ്രീകണ്ഠൻ മഞ്ജുവിന്റെ മൂത്തസഹോദരി സിന്ധുവിനെ ഭാര്യയാക്കുകയായിരുന്നു. ഇവർക്ക് മൂന്നു കുട്ടികളാണ്. മൂന്നാമത്തെയാളാണ് കൊല്ലപ്പെട്ട അനന്തൻ. ശ്രീകണ്ഠനും രണ്ടു ഭാര്യമാരും അവരുടെ സുഖമില്ലാതെ കിടപ്പിലായ അമ്മയും കുട്ടികളുമാണ് വാടകവീട്ടിൽ കഴിഞ്ഞിരുന്നത്. 

പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്യുമ്പോൾ പരസ്പരബന്ധമില്ലാതെയാണ് സംസാരിക്കുന്നത്. മൂന്നു മാസം മുൻപും കുട്ടിയെ കൊല്ലാൻ ശ്രമിച്ചിരുന്നതായി പറയുന്നുണ്ട്. അറസ്റ്റ് വെള്ളിയാഴ്ച രേഖപ്പെടുത്തുമെന്ന് കേസന്വേഷണ ചുമതലയുള്ള വിളപ്പിൽശാല എസ്.എച്ച്.ഒ. എൻ.സുരേഷ്‌കുമാർ പറഞ്ഞു.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started