ആറ്റിങ്ങൽ മുനിസിപ്പൽ ടൗൺഹാളിന്റെ നവീകരണപ്രവർത്തനങ്ങൾ നിലച്ചിട്ട് മാസങ്ങളായി

05-01-2024

ആറ്റിങ്ങൽ : മുനിസിപ്പൽ ടൗൺഹാളിന്റെ നവീകരണപ്രവർത്തനങ്ങൾ നിലച്ചിട്ട് മാസങ്ങളായി. കെട്ടിടത്തിന്റെ മുൻവശവും പരിസരവും പുല്ലും പാഴ്‌ച്ചെടികളും വളർന്ന് മൂടിയിട്ടുണ്ട്. കെട്ടിടത്തിന്റെ ചുമരുകളിലും പാഴ്‌വള്ളികൾ പടർന്നുകയറിയ നിലയിലാണ്. നഗരസഭയുടെ പ്രധാന വരുമാനസ്രോതസ്സും നഗരത്തിന്റെ അഭിമാനവുമായിരുന്ന ഇടമാണ് ഈ തരത്തിൽ കാടുകയറിക്കിടക്കുന്നത്. 

ദേശീയപാതയോരത്ത് കച്ചേരി ജങ്ഷനും സി.എസ്.ഐ. ജങ്ഷനും ഇടയ്ക്കുള്ള മുനിസിപ്പൽ ടൗൺഹാൾ ആറ്റിങ്ങലിന്റെ പ്രധാന ശ്രദ്ധാകേന്ദ്രമായിരുന്നു. കുറഞ്ഞനിരക്കിൽ വാടകയ്ക്ക് ലഭിക്കുമായിരുന്ന ഹാളാണിത്. നഗരപ്രദേശത്തെയും സമീപ പഞ്ചായത്തുകളിലെയും സാധാരണക്കാർ വിവാഹം, വിവാഹസത്കാരം എന്നിവയെല്ലാം നടത്താൻ ടൗൺഹാളിനെയാണ് ആശ്രയിച്ചിരുന്നത്. 

To advertise here, Contact Us

വിദ്യാഭ്യാസസ്ഥാപനങ്ങളുടെ വാർഷികാഘോഷങ്ങൾ, വിവിധ കലാ-സാഹിത്യ-സാംസ്കാരിക-രാഷ്ട്രീയ പരിപാടികൾ എന്നിവയും ടൗൺഹാളിലാണ് സംഘടിപ്പിച്ചിരുന്നത്. എല്ലാദിവസവും എന്തെങ്കിലും പരിപാടി ഈ ഹാളിൽ നടന്നുവന്നു. പാർക്കിങ് സൗകര്യമില്ലെന്നതായിരുന്നു പ്രധാന പ്രശ്‌നം. ഈ പ്രശ്നം പരിഹരിക്കാനും ടൗൺഹാൾ ആധുനികരീതിയിൽ നവീകരിക്കാനും 2017 ലാണ് കൗൺസിൽ തീരുമാനമെടുക്കുന്നത്. ഇതേത്തുടർന്ന് നിർമാണപ്രവർത്തനങ്ങൾക്കായി ടൗൺഹാൾ അടച്ചിട്ടു. ഇതോടെ നഗരസഭയ്ക്ക് പ്രതിവർഷം ലഭിക്കേണ്ട ലക്ഷങ്ങളുടെ വരുമാനവും ഇല്ലാതായി. 

നവീകരണത്തിന് 4.5 കോടി രൂപയാണ് ചെലവ് കണക്കാക്കിയത്. ഈ തുക ആറ്റിങ്ങൽ ടൗൺ സഹകരണ ബാങ്കിൽ നിന്നും വായ്പയെടുത്ത് പദ്ധതി നടപ്പാക്കാനായിരുന്നു തീരുമാനം. കെ.എസ്.ഇ.ബി.യുടെ നിർമാണവിഭാഗത്തെയാണ് കരാറേല്പിച്ചത്. ഇവർ കെട്ടിടനിർമാണം പൂർത്തിയാക്കിയെങ്കിലും മറ്റ് പണികളൊന്നും ചെയ്തില്ല. 

ആദ്യഘട്ട നിർമാണത്തിന് 2.5 കോടി രൂപയാണ് അനുവദിച്ചിരുന്നത്. രണ്ടാംഘട്ട പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് ലഭിക്കാതെ വന്നതോടെയാണ് നിർമാണം തടസ്സപ്പെട്ടതെന്നാണ് സൂചന.

നിർമാണത്തിന്റെ മേൽനോട്ടം കെ.എസ്.ഇ.ബി.ക്ക് ആയതിനാൽ നഗരസഭയിലെ എൻജിനിയറിങ് വിഭാഗത്തിന് നിർദേശങ്ങളോ മേൽനോട്ടമോ നല്കാൻ കഴിയാതെവരുകയും ചെയ്തു. 

തുടക്കംമുതൽ പണികൾ ഇഴഞ്ഞാണ് നീങ്ങിയത്. പ്രധാന ഹാളിന്റെ മേൽക്കൂരയിലെ സീലിങ് നിർമാണം, വൈദ്യുതീകരണം, മുൻവശത്തെ അലങ്കാരജോലികൾ, മതിൽനിർമാണം, പെയിന്റിങ്, കൈവരികളുടെ നിർമാണം തുടങ്ങി ധാരാളം ജോലികൾ ഇനിയും അവശേഷിക്കുന്നുണ്ട്. മികച്ച സംവിധാനങ്ങൾ ഒരുക്കാനാണ് പദ്ധതിയിൽ ലക്ഷ്യമിട്ടിട്ടുള്ളത്. 

ഒന്നാംനിലയിലുള്ള ശീതീകരിച്ച പ്രധാന ഹാളിൽ 900 പേർക്ക് ഇരിക്കാനുള്ള സംവിധാനങ്ങളുണ്ടാകും. പഴയ പ്രധാന ഹാളാണ് ഭക്ഷണശാല. ഇവിടെ ഒരു സമയം 450 പേർക്ക് ഭക്ഷണം കഴിക്കാം. പഴയ ഹാളിന് പിന്നിലുണ്ടായിരുന്ന ചെറിയ ഹാൾ സസ്യാഹാരശാലയായി ക്രമീകരിക്കും. അതിന് പിന്നിലാണ് അടുക്കള. ഭൂമിക്കടിയിലാണ് കാർപാർക്കിങ്ങിനുള്ള സംവിധാനം ഒരുക്കിയിട്ടുള്ളത്. ഒന്നാം നിലയിൽ നിന്ന് ഭക്ഷണശാലയിലേക്കും പാർക്കിങ് മേഖലയിലേക്കും പോകുന്നതിനും സംവിധാനങ്ങളുണ്ട്. മുന്നിൽ ഇടതുവശത്ത് പടിക്കെട്ടും ഭിന്നശേഷിക്കാർക്ക് ഹാളിലേക്ക്‌ പ്രവേശിക്കാനുള്ള റാമ്പും സജ്ജമാക്കിയിട്ടുണ്ട്. ഹാളിന്റെ നവീകരണം വേഗത്തിൽ പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started