പരിസരവാസികളെ ആശങ്കയിലാക്കി പൊന്മുടിയിൽ വീണ്ടും പുലിയുടെ സാന്നിധ്യം

04-01-2024

തിരുവനന്തപുരം: പരിസരവാസികളെ ആശങ്കയിലാക്കി പൊന്മുടിയിൽ വീണ്ടും പുലിയുടെ സാന്നിധ്യം. ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് പൊന്മുടി എസ്റ്റേറ്റിനകത്തെ പൊന്മുടി ഗവ. യു.പി. സ്കൂളിനു സമീപം പുലിയെ കണ്ടത്.കഴിഞ്ഞ 26-ന് പൊന്മുടി പോലീസ് സ്റ്റേഷനു സമീപം പോലീസുകാർ പുലിയെ കണ്ടത് പ്രദേശത്ത് ആശങ്ക പടർത്തിയിരുന്നു.

ജോലിക്കായി പോകവേ സ്കൂളിലെ പാചകത്തൊഴിലാളിയായ ജെ.വിജയമ്മയാണ് ബുധനാഴ്ച പുലിയെ കണ്ടത്. സ്കൂൾ പരിസരത്തുനിന്ന് 50 മീറ്റർ മാറി തെക്കുഭാഗത്ത് പുലി കാപ്പിത്തോട്ടത്തിലൂടെ ചാടിപ്പോകുന്നതാണ് കണ്ടത്. ഉടനെ അടുത്ത വീട്ടുകാരെയും സ്കൂൾ അധികൃതരെയും വിവരമറിയിച്ചു.തുടർന്ന് പാലോട് റെയ്ഞ്ച് ഓഫീസർ സുനിതയുടെ നേതൃത്വത്തിൽ വനംവകുപ്പ് അധികൃതരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ, ഉൾവനത്തിലേക്ക് ഒളിച്ച പുലിയെ കണ്ടെത്താനായില്ല.പാലോട് എ.ഇ.ഒ. വി.ഷീജയും സ്ഥലത്തെത്തി.

To advertise here, Contact Us

അനുമാനം ആറുവയസ്സുണ്ടെന്ന്

വിജയമ്മ പറഞ്ഞ വിവരമനുസരിച്ച് ആറുവയസ്സ് പ്രായമുള്ള പുലിയായിരിക്കുമെന്നാണ് വനംവകുപ്പ് അധികൃതരുടെ അനുമാനം. വരുംദിവസങ്ങളിലും പുലി ഇറങ്ങുകയാണെങ്കിൽ കെണിവെച്ച് പിടിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.ഇതിനായി വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തുന്നതായി ഡി.എഫ്.ഒ. പ്രദീപ്കുമാർ പറഞ്ഞു.

പൊന്മുടി സ്കൂളിന്റെ മുറ്റത്ത് പുലിയിറങ്ങിയ സ്ഥലത്ത് വനപാലകരും അധ്യാപകരും പരിശോധന നടത്തുന്നു

നിലവിൽ ആശങ്ക വേണ്ടായെന്നും പുലി ഉൾവനത്തിലേക്ക് പോയിട്ടുണ്ട് എന്നുമാണ് വനംവകുപ്പ് അധികൃതർ പറയുന്നത്. രണ്ടുമാസത്തോളമായി പുലിയുടെ സാന്നിധ്യം പൊന്മുടിയിൽ ഉണ്ട് എന്ന് നാട്ടുകാർ പറയുന്നു. ആറുമാസം മുമ്പ് പൊന്മുടിയിൽ ഒരു പുള്ളിപ്പുലി ഷോക്കേറ്റ് ചത്തിരുന്നു.

ഭീതിയിൽ പൊന്മുടി യു.പി.സ്കൂൾ

പുലിയുടെ സാന്നിധ്യം കണ്ടതോടെ ആശങ്കയിലാണ് സ്കൂൾ അധികൃതർ. സമീപത്തുള്ള പൊന്മുടി, മെർക്കിസ്റ്റൺ എസ്റ്റേറ്റുകളുടെ തൊഴിലാളികളുടെ മക്കളായ 34 പേരാണ് പൊന്മുടി യു.പി. സ്കൂളിൽ പഠിക്കുന്നത്. എട്ട്‌ കുട്ടികൾ പഠിക്കുന്ന അങ്കണവാടിയും സ്കൂൾ കെട്ടിടത്തിൽ തന്നെയുണ്ട്.

പൊന്മുടി ഗവ. യു.പി.സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും

കാട്ടാന, കരടി, പുലി എന്നിവയുടെ സാന്നിധ്യം പരിസരത്തുണ്ടെങ്കിലും സ്കൂളിന് പൂർണമായി ചുറ്റുമതിലില്ല.കഴിഞ്ഞ വർഷം കാട്ടാന സ്കൂൾ കെട്ടിടത്തിനു സമീപംവരെ എത്തിയിരുന്നു. സ്കൂളിന് ചുറ്റുമതിൽ കെട്ടണം എന്നത് അമ്പത് വർഷത്തെ ആവശ്യമാണ്. ഇതിനായി സ്കൂൾ അധികൃതർ കയറിയിറങ്ങാത്ത വാതിലുകളില്ല.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started