03-01-2024

തൃശൂര്: തൃശൂര് കണ്ട് ആരും പനിക്കേണ്ടെന്ന് മന്ത്രി കെ രാജന്‍. മിഠായിത്തെരുവില്‍ ഹൽവ കൊടുത്തത് പോലെയാകുമെന്ന് മന്ത്രി പറഞ്ഞു. തൃശൂരിലെ തേക്കിന്‍കാട് മൈതാനിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിന് മറുപടിയായാണ് മന്ത്രി കെ രാജന്റെ പ്രസ്താവന.
‘തൃശൂര്‍ പൂരത്തിന് രാഷ്ട്രീയം കലര്‍ത്തുന്നത് പ്രധാനമന്ത്രിയുടെ പാര്‍ട്ടി തന്നെയാകുമെന്നും പൂരത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നും’, പ്രധാനമന്ത്രി മോദി ഇന്ന് വിമര്‍ശിച്ചിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു മന്ത്രി രാജന്‍. ‘ഞങ്ങളാരും തൃശൂര്‍ പൂരത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്നില്ലെന്നും അത് അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ നടത്തുന്നുണ്ടാകുമെന്നും’, മന്ത്രി പറഞ്ഞു.
‘തൃശൂര്‍ പൂരം സംബന്ധിച്ച് രാഷ്ട്രീയക്കളി നടക്കുന്നു. ശബരിമലയിലെ കുത്തഴിഞ്ഞ അവസ്ഥ ഏറെ വിഷമിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ കഴിവില്ലായ്മയെയാണ് ഇതെല്ലാം തെളിയിക്കുന്നത്’, മോദി പറഞ്ഞു.
‘തൃശൂര്‍ പൂരം ലോകത്തിന്റെ ഉത്സവമാണ്. എല്ലാ മലയാളികളുടെയും അഭിമാനമായ പൂരമാണത്. അതില്‍ മത- ജാതി – രാഷ്ട്രീയഭേദങ്ങളില്ല. അതില്‍ രാഷ്ട്രീയം കലര്‍ത്താന്‍ ശ്രമിച്ചാല്‍ പ്രയാസകരമായിരിക്കുമെന്ന്’, മന്ത്രി രാജന്‍ വ്യക്തമാക്കി.
‘ചില പാര്‍ട്ടികള്‍ മര്യാദ അനുസരിച്ച് കമ്മിറ്റി കൂടി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. ചിലര്‍ ഒറ്റയ്ക്ക് പ്രഖ്യാപിക്കും. അത് അവരവരുടെ താത്പര്യം. എന്തായാലും തൃശൂര്‍ കണ്ട് ആരും പ്രത്യേകമായി ഒന്നും കരുതേണ്ട. മിഠായിത്തെരുവില്‍ ഹൽവ കൊടുത്ത പോലെയാകും. മത്സരിച്ചാല്‍ വിവരം അറിയും’, തൃശൂരില്‍ സുരേഷ് ഗോപിയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചതായി മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ മന്ത്രി നല്‍കിയ മറുപടി.

Leave a comment