02-01-2024

തിരുവനന്തപുരം: തൃശൂരിൽ 525.79 കോടിയുടെ പദ്ധതികൾ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്യുമെന്ന് ടി എൻ പ്രതാപൻ എം പി. ഈ മാസം അഞ്ചിന് കാസർകോട് നടക്കുന്ന വിവിധ ദേശീയപാത പദ്ധതികളുടെ നിർമാണ പ്രവൃത്തികളുടെ ഉദ്ഘാടനം നടത്തുന്നതിനൊപ്പമാകും തൃശൂർ ലോക്സഭാ മണ്ഡലത്തിലെ വിവിധ പദ്ധതികൾ കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്യുകയെന്ന് എം പി പറഞ്ഞു.
തൃശൂർ, പാലക്കാട് ജില്ലകളിലെ പദ്ധതി പ്രവർത്തനങ്ങളാണ് ഗഡ്കരി ഉദ്ഘാടനം ചെയ്യുക. തൃശൂർ പാർലമെൻ്റ് മണ്ഡലത്തിലെ മുടിക്കോട്, കല്ലിടുക്ക്, വാണിയബാറ, ആമ്പല്ലൂർ അടിപ്പാതകളും ആലത്തൂർ മണ്ഡലത്തിലെ ആലത്തൂർ, കുഴൽമന്ദം അടിപ്പാതകളും ചാലക്കുടി മണ്ഡലത്തിലെ ചിറങ്ങര, കൊരട്ടി, മുരിങ്ങൂർ, പേരാബ്രയിലെ അടിപ്പാതകൾ, പാലക്കാട് മണ്ഡലത്തിലെ കാഴിച്ചപ്പറമ്പ് അടിപ്പാതയുടെയുടെയും പ്രവർത്തന ഉദ്ഘാടനം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നിർവഹിക്കും.
209.17 കോടിയുടെ അടിപ്പാത നിർമാണങ്ങളാണ് തൃശൂർ പാർലമെൻ്റ് മണ്ഡലത്തിൽ നടക്കുക. ആലത്തൂരിൽ മാത്രം 117.77 കോടി രൂപയുടെ പദ്ധതികളാണ് നടക്കുക. തൃശൂർ ചാലക്കുടിയിൽ 149.45 കോടിയുടെ പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുക. പാലക്കാട് 49.40 കോടി രൂപയുടെയടക്കം 525.79 കോടിയുടെ പദ്ധതികളാണ് ദേശീയപാത 544ൽ കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്യുക.
കഴിഞ്ഞ ദിവസം ടെൻഡർ നടപടികളുടെ പ്രഥമഘട്ടം പൂർത്തിയാക്കിയ അടിപ്പാതകളുടെ വാല്യുവേഷൻ നടപടികൾ ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കും. ഇതിന് ശേഷം മാത്രമായിരിക്കും നിർമാണ പ്രവൃത്തികൾ ആരംഭിക്കുക. അടിപ്പാത നിർമാണത്തിനായുള്ള ടെൻഡറിൽ ഏഴ് കമ്പനികളാണ് പങ്കെടുത്തത്. നിരന്തരമായി നടത്തിയ ചർച്ചകളുടെ ഫലമായിട്ടാണ് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുടെ ഭാഗത്ത് നിന്ന് പദ്ധതിക്കായുള്ള അനുകൂല നിലപാടുകൾ ലഭിച്ചതെന്ന് ടി എൻ പ്രതാപൻ എം പി പറഞ്ഞു

Leave a comment