29-12-2023

വക്കം : ലക്ഷങ്ങൾ ചെലവിട്ട് വെളിവിളാകം കുളം നവീകരിച്ചെങ്കിലും ഉപയോഗയോഗ്യമായില്ല. ചെളി നിറഞ്ഞ് കാടുപിടിച്ച അവസ്ഥയിലാണിപ്പോൾ കുളം. ഒരുകാലത്ത് ഈ പ്രദേശത്തിന്റെ മുഴുവനാളുകളും ആശ്രയിച്ചിരുന്ന കുളം നവീകരിച്ച് സംരക്ഷിക്കണമെന്നത് ഏറെക്കാലമായുള്ള ആവശ്യമായിരുന്നു. നാല് വർഷം മുമ്പ് കുളം നവീകരിക്കുന്നതിനായി ജലസേചന വകുപ്പ് 11,45,000 രൂപയും പായലും ചെളിയും നീക്കം ചെയ്ത് വൃത്തിയാക്കുന്നതിനായി ശുചിത്വമിഷൻ 62,000 രൂപയും അനുവദിച്ചിരുന്നു.
കുളത്തിന്റെ വശങ്ങൾ പാറകെട്ടി, മലിനജലം ഒഴുകി പോകുന്നതിനായി ഓട നിർമിച്ച് കുളം നവീകരിച്ചു. എന്നാൽ ചെളി പൂർണമായും നീക്കിയില്ല. കുളത്തിൽ ഇറങ്ങുന്നതിന് കൽപ്പടവ് കെട്ടാതെയുള്ള അശാസ്ത്രീയ നവീകരണത്തിനെതിരേ ആക്ഷേപമുയർന്നിരുന്നു. കുളത്തിന്റെ നാശത്തിന് ഇത് കാരണമായി.
To advertise here, Contact Us
കുളത്തിന് സമീപത്തായി നിർമിച്ചിരുന്ന ഓടയിൽ നിന്നും ഒഴുകിവരുന്ന മഴവെള്ളവും മലിനജലവും കുളത്തിലേക്കാണ് ഇറങ്ങുന്നത്. ഇതോടെ കുളത്തിലെ വെള്ളം മലിനമായി. കുളത്തിലെ ചെളി പൂർണമായും മാറ്റാൻ കഴിയാത്തതാണ് തിരിച്ചടിയായത്.
കുറച്ചു ദിവസം മുമ്പ് പ്രദേശത്തെ വിദ്യാർഥികളുടെ നേതൃത്വത്തിൽ നീന്തൽ പരിശീലനത്തിനുവേണ്ടി കുളത്തിലെ പായൽ പൂർണമായും നീക്കം ചെയ്തിരുന്നു.
എന്നാൽ മലിനജലം ഒഴുകി കുളത്തിൽ പതിക്കുന്നത് ഇവരുടെ പരിശീലനത്തിന് തടസ്സമായി. കുളം വീണ്ടും പഴയതുപോലെ പായൽ കയറി നാശമാവുകയും ചെയ്തു.
നാട്ടുകാർ നിരവധി പ്രാവശ്യം ബന്ധപ്പെട്ടവരെ വിവരമറിയിച്ചെങ്കിലും നാളിതുവരെ പരിഹാരമുണ്ടായില്ല. ലക്ഷങ്ങൾ മുടക്കിയ പദ്ധതി നാട്ടുകാർക്ക് ശാപമായ സ്ഥിതിയിലാണ്. വേനൽക്കാലത്ത് യഥേഷ്ടം വെള്ളം ലഭിച്ചുകൊണ്ടിരുന്ന കുളം നാശമായതോടെ വല്ലപ്പോഴും ലഭിക്കുന്ന പൈപ്പ് വെള്ളത്തിന്റെ കനിവിനായി കാത്തിരിക്കുകയാണ് വെളിവിളാകത്തെ ജനങ്ങൾ.
നവീകരണത്തിന് തുക അനുവദിച്ചു
വെളിവിളാകം ക്ഷേത്രക്കുളം നവീകരിക്കുന്നതിനായി കേന്ദ്ര ധനകാര്യ ഫണ്ടിൽ നിന്നും 6 ലക്ഷം രൂപ അനുവദിച്ചു. കുളത്തിലെ ചെളി നീക്കംചെയ്യുക, കൽപ്പടവുകൾ സ്ഥാപിക്കുക, കുളത്തിലേക്ക് പോകാനുള്ള നടപ്പാതകൾ, കുളത്തിലെ വെള്ളം പുറത്തേക്ക് പോകാനുള്ള സംവിധാനം, കുളവും പരിസരവും വൃത്തിയാക്കൽ എന്നീ പ്രവൃത്തികളാണ് ഈ ഫണ്ടുപയോഗിച്ച് ചെയ്യുന്നത്. കരാർ നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് നിർമാണം ആരംഭിക്കും. കുളം വൃത്തിയാക്കി കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകാനാണ് ഉദ്ദേശിക്കുന്നത്.

Leave a comment