28-12-2023

എറണാകുളം: കൊച്ചി നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് കുറഞ്ഞ ചെലവില്‍ രാത്രി കാലങ്ങളിൽ കഴിയാന്‍ സുരക്ഷിതമായ ഒരിടം എന്ന ലക്ഷ്യത്തോടെ നഗരത്തിൽ കൊച്ചി കോർപ്പറേഷൻ ആരംഭിച്ച ഷീ ലോഡ്ജ് വൻ ഹിറ്റിലേക്ക്. ഉദ്ഘാടനം കഴിഞ്ഞ് ഒന്‍പത് മാസം പിന്നിടുമ്പേള്‍ 24 ലക്ഷം രൂപയാണ് സ്ഥാപനത്തിന്‍റെ ലാഭം. ഷീ ലോഡ്ജിന് സ്വീകാര്യത ഏറിയതോടെ സ്ഥാപത്തിനുണ്ടായ മുടക്ക് മുതല്‍ ഷീ ലോഡ്ജ് തിരിച്ചുപിടിക്കുകയായിരുന്നു. ഒരേസമയം 192 സ്ത്രീകൾക്ക് ഷീ ലോഡ്ജിൽ താമസിക്കാം.
നൂറുരൂപ മാത്രമാണ് ഡോര്‍മെറ്ററിയില്‍ ഒരു ദിവസത്തെ താമസത്തിന് ഈടാക്കുന്നത്. സിംഗിള്‍ റൂമിന് 200 രൂപയും ഡബിള്‍ റൂമിന് 350 രൂപയുമാണ് ഇവിടെ താമസിക്കാൻ നൽകേണ്ടത്. താമസത്തിനൊപ്പം ലൈബ്രറി സൗകര്യവും ഡൈനിങ് ഹാളും 24 മണിക്കൂറും കുടിവെള്ളവും അറ്റാച്ച്ഡ് ബാത്ത് റൂം എന്നിവയും ഷീ ലോഡ്ജിൽ സജ്ജമാക്കിയിട്ടുണ്ട്. തൊട്ടടുത്ത് പ്രവർത്തിക്കുന്ന കോര്‍പ്പറേഷന്‍റെ സമൃദ്ധി ഹോട്ടലിൽനിന്ന് 20 രൂപയ്ക്ക് ഭക്ഷണവും ലഭിക്കും.
കോർപ്പറേഷന്‍റെ ഉടമസ്ഥതയിലുള്ള ഷീ ലോഡ്ജിന്‍റെ നടത്തിപ്പ് ചുമതല കുടുംബശ്രീക്കാണ്. അതേസമയം, താമസത്തിനെത്തുന്ന സ്ത്രീകളുടെ സുരക്ഷ കണക്കിലെടുത്ത് മുഴുവൻ സമയവും പ്രവർത്തിക്കുന്ന സിസിടിവി, സുരക്ഷാ സംവിധാനം എന്നിവക്ക് പുറമേ വനിതാ വാർഡന്‍റെ സേവനവും ഇവിടെ ലഭ്യമാണ്. മൂന്നുനിലകളിലായി നിർമിച്ചിരിക്കുന്ന കെട്ടിടത്തിൽ മൂന്ന് ഡോർമെട്ടറികള്‍, 48 സിംഗിള്‍ റൂമുകള്‍, 32 ഡബിള്‍ റൂമുകള്‍എന്നിങ്ങനെയാണ് ഒരുക്കിയിരിക്കുന്നത്.
കൊച്ചിയിൽ ജോലി അന്വേഷിച്ചെത്തുന്ന സ്ത്രീകളാണ് കൂടുതലായും ഷീ ലോഡ്ജ് സംവിധാനം കൂടുതൽ പ്രയോജനപ്പെടുത്തുന്നവർ. ഉദ്ഘാടനം കഴിഞ്ഞ ആദ്യ നാളുകളിൽ അധികം സ്ത്രീകൾ ഇവിടേക്ക് എത്തിയില്ലെങ്കിലും പിന്നീട് സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ഷീ ലോഡ്ജിനെ കുറിച്ച് തേടിയെത്തിയവരും നിരവധിയാണ്. മാസവാടകയ്ക്കും ദിവസവാടകയ്ക്കുമെല്ലാം ഷീ ലോഡ്ജിൽ മുറികൾ സ്ത്രീകൾക്ക് ലഭ്യമാണ്.

Leave a comment