36 ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിനെ കിണറ്റിൽ മരിച്ച നിലയില്‍ കണ്ടെത്തി

27-12-2023

തിരുവനന്തപുരം: 36 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍. നവജാത ശിശുവിനെ കിണറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം പോത്തന്‍കോട് മഞ്ഞമല കുറവന്‍ വിളാകത്ത് വീട്ടില്‍ സുരിത – സജി ദമ്പതികളുടെ മകന്‍ ശ്രീദേവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

രാത്രി രണ്ടുമണിയോടെ ശ്രീദേവിനെ കാണാതാകുകയായിരുന്നു. തുടര്‍ന്ന്, മൂന്നരയോടെ സജി പോലീസിനെ വിവരം അറിയിച്ചു. പോലീസുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കിണറ്റിന്‍കരയില്‍നിന്ന് കുഞ്ഞിന്റെ ടവല്‍ കിട്ടി. തുടര്‍ന്ന്, ഫയര്‍ഫോഴ്‌സെത്തി കിണറ്റിലിറങ്ങിയാണ് കുഞ്ഞിനെ പുറത്തെടുത്തത്.

കുഞ്ഞിനെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. വീടിന്റെ പിറകിലെ കിണറ്റില്‍ നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കുട്ടിയുടെ അമ്മയെ കസ്റ്റഡിയിലെടുത്ത് പോത്തന്‍കോട് പോലീസ് ചോദ്യം ചെയ്തുവരികയാണ്.

അമ്മയ്‌ക്കൊപ്പം ഉറങ്ങാന്‍ കിടന്ന കുഞ്ഞിനെ രാത്രിയില്‍ കാണാതാകുകയായിരുന്നെന്നാണ് കുഞ്ഞിന്റെ അച്ഛന്‍ പോലീസില്‍ നല്‍കിയ പരാതി. വീടിന്റെ പിന്‍വശത്തെ വാതില്‍ തുറന്ന നിലയിലാണ് കണ്ടെത്തിയതെന്നും കുടുംബാംഗങ്ങളെ വിശദമായി ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started