ലോകം ക്രിസ്മസ് ആഘോഷിക്കാനൊരുങ്ങുവെ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും

24-12-2023

തിരുവനന്തപുരം: ലോകം ക്രിസ്മസ് ആഘോഷിക്കാനൊരുങ്ങുവെ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും. പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിക്കുന്ന സന്ദർഭമാണ് ക്രിസ്മസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദേശത്തിൽ പറഞ്ഞു. സ്‌നേഹത്തിന്‍റെ പുതിയ വഴിത്താരകൾ ഉണ്ടാക്കാൻ, സ്നേഹം കൊണ്ട് എല്ലാവരേയും ജയിക്കാൻ ക്രിസ്തുമസ് ആലോഷങ്ങളിലൂടെ കഴിയട്ടെയെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ ആശംസ.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ക്രിസ്മസ് ആശംസ

പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിക്കുന്ന സന്ദർഭമാണ് ക്രിസ്മസ്. ലോകമാകെ കൊണ്ടാടപ്പെടുന്ന ക്രിസ്മസ് കേരളീയർ സ്നേഹത്തിന്‍റെയും സൗഹാർദ്ദത്തിന്‍റെയും സാഹോദര്യത്തിന്‍റെയും മൂല്യങ്ങൾ ഊട്ടിയുറപ്പിച്ചുകൊണ്ട് ആഘോഷിക്കുന്ന സന്ദർഭമാണ്. ഏത് വിഷമ കാലത്തിനുമപ്പുറം നന്മയുടെ ഒരു നല്ല കാലം ഉണ്ടാകുമെന്ന സങ്കൽപ്പത്തിന്‍റെ സാക്ഷാത്കാരമാണ് ക്രിസ്മസ് സന്ദേശത്തിൽ അടങ്ങിയിട്ടുള്ളത്. മുഴുവൻ കേരളീയർക്കും ക്രിസ്മസിന്‍റെ നന്മ നേരുന്നു.

പ്രതിപക്ഷ നേതാവിന്‍റെ ക്രിസ്മസ് ആശംസ

ത്യാഗത്തിന്‍റെ പര്യായമാണ് ക്രിസ്തു. സഹനത്തിന്‍റേയും ദുരിതത്തിന്‍റേയും കനൽ വഴികൾ താണ്ടി മനുഷ്യന്‍റെ പാപത്തിന് മോചനമുണ്ടാക്കാൻ ക്രിസ്തു ദേവൻ നടത്തിയ ശ്രമങ്ങളും അദ്ദേഹത്തിന്‍റെ വാക്കുകളും സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും അർഥതലങ്ങൾ നമ്മളെ ബോധ്യപ്പെടുത്തുന്നു.പീഡാനുഭവത്തിനും കുരിശ് മരണത്തിനും ശേഷം ഉയർത്തെഴുന്നേൽപ്പുണ്ടായത് പോലെ എല്ലാ ക്ലേശങ്ങളും സങ്കടങ്ങളും കഴിഞ്ഞ് ജീവിതത്തിന്‍റെ സന്തോഷ തുരുത്തിലേക്ക് തിരിച്ചു വരാമെന്ന ആത്മവിശ്വാസം നമുക്കുണ്ടാകണം.അന്ധകാരം നിറഞ്ഞ കെട്ട കാലത്ത് നമ്മുടെ മനസിലേക്കും ലോകത്തിലേക്കും ക്രിസ്തു വെളിച്ചമായി. സ്‌നേഹത്തിന്‍റെ പുതിയ വഴിത്താരകൾ ഉണ്ടാക്കാൻ, സ്നേഹം കൊണ്ട് എല്ലാവരേയും ജയിക്കാൻ ക്രിസ്തുമസ് ആലോഷങ്ങളിലൂടെ കഴിയട്ടെയെന്ന് ആശംസിക്കുന്നു. എല്ലാവർക്കും ഊഷ്മളമായ ക്രിസ്മസ് ആശംസകൾ.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started