റേഷൻകടകളിലൂടെ കുറഞ്ഞനിരക്കിൽ കുടിവെള്ളം ലഭ്യമാക്കുന്ന സുജലം പദ്ധതിക്ക് തുടക്കം

23-12-2023

തിരുവനന്തപുരം: റേഷൻകടകളിലൂടെ കുറഞ്ഞനിരക്കിൽ കുടിവെള്ളം ലഭ്യമാക്കുന്ന സുജലം പദ്ധതിക്ക് തുടക്കം. ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജലവിഭവ വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിൽ നിർവഹിച്ചു.

സംസ്ഥാന ജലവിഭവ വകുപ്പിന്റെ കീഴിലുള്ള കേരള ഇൻഫ്ര സ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപറേഷൻ ഉത്പ്പാദിപ്പിക്കുന്ന ഹില്ലി അക്വായുടെ കുടിവെള്ളമാണ് പദ്ധതിയിലൂടെ റേഷൻകടകൾ വഴി വിൽപന നടത്തുന്നത്. സംസ്ഥാനത്ത് എല്ലാവർക്കും ഗുണനിലവാരമുള്ള ശുദ്ധജലം ലഭ്യമാക്കുക എന്നതാണ് സുജലം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ഒരു ലിറ്റർ കുപ്പിവെള്ളം 10 രൂപയ്ക്ക് റേഷൻകടകളിലൂടെ വിൽപന നടത്താനാണ് ഉദ്ദേശിക്കുന്നത്. അര ലിറ്റർ, ഒരു ലിറ്റർ, അഞ്ച് ലിറ്റർ കുപ്പിവെള്ളം യഥാക്രമം എട്ട് രൂപ, 10 രൂപ, 50 രൂപ വിലയ്ക്ക് റേഷൻകടകളിലൂടെ ലഭ്യമാക്കും. ഭക്ഷ്യഭദ്രതയ്‌ക്കൊപ്പം കുടിവെള്ള ഭദ്രതയും ഉറപ്പുവരുത്തുക എന്നതാണ് സർക്കാർ നയം

ശബരിമല തീർഥാടനകാലം കണക്കിലെടുത്ത് കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ റേഷൻകടകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. ഘട്ടം ഘട്ടമായി സംസ്ഥാനത്തെ 14,250 റേഷൻകടകളിലും സുജലം പദ്ധതി നടപ്പിലാക്കും.

സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം ജനങ്ങൾക്ക് കൂടുതൽ സേവനങ്ങൾ എത്തിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച കെ – സ്റ്റോർ മുഖേന വ്യവസായ വകുപ്പിന്റെയും കൃഷിവകുപ്പിന്റെയും മിൽമയുടെയും ഉൽപന്നങ്ങൾ ലഭ്യമാക്കുന്നുണ്ട്. ഇതിന്റെ തുടർച്ചയായി ശുദ്ധമായ കുടിവെള്ളം ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് സുജലം പദ്ധതി ആരംഭിക്കുന്നതെന്നും മന്ത്രി ജിആർ അനിൽ പറഞ്ഞു.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started