ഇന്ത്യൻ മഹാസമുദ്രത്തിൽ ചരക്ക് കപ്പലിന് നേരെ ഡ്രോൺ ആക്രമണം

23-12-2023

ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്രത്തിൽ ചരക്ക് കപ്പലിന് നേരെ ഡ്രോൺ ആക്രമണം. ഗുജറാത്തിലെ പോർബന്തർ തീരത്ത് നിന്നും 217 നോട്ടിക്കൽ മൈൽ അകലെയുള്ള എംവി ചെം പ്ലൂട്ടോ എന്ന ചരക്ക് കപ്പലിന് നേരെയാണ് ആക്രമണമുണ്ടായിട്ടുള്ളത്.

കപ്പലിൽ 20 ഇന്ത്യാക്കാർ അടക്കമുണ്ടെന്നാണ് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, ശനിയാഴ്ചയുണ്ടായ ആക്രമണത്തിൽ കപ്പലിന് കേടുപാടുകൾ ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. കപ്പലിന് അടുത്തേക്ക് ഇന്ത്യൻ കോസ്റ്റ് ഗാർഡ് നീങ്ങുന്നതായാണ് റിപ്പോർ‌ട്ട്.

ഇസ്രായേലുമായി ബന്ധമുള്ള കപ്പലിന് നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നതെന്നാണ് പ്രാഥമിക റിപ്പോർട്ട്. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ലൈബീരിയയുടെ പതാകയുള്ള, ഇസ്രയേൽ അംഗീകാരമുള്ള കെമിക്കൽ പ്രൊഡക്ട്‌സ് ടാങ്കറാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് യുകെ മാരിടൈം ട്രേഡ് ഓപറേഷൻസ് അറിയിച്ചിട്ടുണ്ട്.

ആക്രമണത്തിൽ കപ്പലിന് അഗ്നിബാധയുണ്ടായെന്ന് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചിട്ടുണ്ട്. സ്ഫോടനത്തിന് പിന്നാലെയാണ് അഗ്നിബാധയുണ്ടായിരിക്കുന്നത്.

ബിട്ടീഷ് സൈന്യത്തിന്റെ യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ്, ആഗോള മാരിടൈം റിസ്‌ക് മാനേജ്‌മെന്റ് സ്ഥാപനമായ ആംബ്രേ എന്നിവരാണ് ആക്രമണം സ്ഥിരീകരിച്ചത്.

തിങ്കളാഴ്ച മാൾട്ടയുടെ ഒരു ചരക്ക് കപ്പൽ തട്ടിക്കൊണ്ടു പോയസംഭവത്തിൽ പരിക്കേറ്റ നാവികനെ പുറത്തെടുക്കാൻ ഇന്ത്യൻ നാവികസേന സഹായിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് സംഭവം. ആറ് കടൽക്കൊള്ളക്കാർ അറബിക്കടലിൽ എംവി റൂൺ എന്ന കപ്പലിൽ അനധികൃതമായി കയറിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ചെങ്കടലിലെ വാണിജ്യ കപ്പൽ ഗതാഗതം ലക്ഷ്യമിട്ട് യമനിലെ ഹൂതി വിമതർ ആക്രമണം നടത്തിയിരുന്നു.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started