വിഴിഞ്ഞത്തിന് പിന്നാലെ കേരളത്തിന്‍റെ മറ്റൊരു സ്വപ്നവും തീരമണിയാൻ പോകുന്നു

22-12-2023

തിരുവനന്തപുരം: വിഴിഞ്ഞത്തിന് പിന്നാലെ കേരളത്തിന്‍റെ മറ്റൊരു സ്വപ്നവും തീരമണിയാൻ പോകുന്നു. ഗൾഫ് നാടുകളിൽനിന്ന് കേരളത്തിലേക്ക് യാത്രാ കപ്പലെത്താനുള്ള സാധ്യതകളാണ് അണിയറയിൽ ഒരുങ്ങുന്നത്. യുഎഇ – കേരള സെക്ടറില്‍ കപ്പല്‍ സർവീസ് നടത്താന്‍ തയ്യാറായി പ്രമുഖ ഷിപ്പിങ് സർവീസ് കമ്പനിയായ സായി ഇന്‍റര്‍നാഷണല്‍ രംഗത്തെത്തിയതായി മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.

യുഎഇയില്‍ നിന്നും ബേപ്പൂരിലേക്ക് യാത്രാക്കപ്പലും വിഴിഞ്ഞം മുതല്‍ അഴീക്കല്‍ വരെ ക്രൂയിസ് സര്‍വീസും നടത്താനുള്ള തല്‍പര്യമാണ് സായി ഇന്‍റര്‍നാഷണല്‍ കമ്പനി മുന്നോട്ട് വെച്ചത്. ജനുവരിയില്‍ കമ്പനികളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ച് താമസിയാതെ സർവീസ് ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

വിമാനത്തേക്കാൾ കുറഞ്ഞനിരക്കിൽ ചരക്കുകൾ എത്തിക്കാനായാൽ അത് വലിയ നേട്ടമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രവാസികളുടെ യാത്രാ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ നേരത്തെ 15 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതുകൂടി ഉപയോഗിച്ച് കപ്പൽ സർവീസ് ആരംഭിക്കാനാണ് പദ്ധതിയിടുന്നത്.

കപ്പൽ സർവീസ് യാഥാർഥ്യമായാൽ ഉത്സവ സീസണുകളിൽ വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് ഉയർത്തുന്നതിലും മാറ്റം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ പെരുന്നാൾ, ക്രിസ്മസ്, ഓണം തുടങ്ങിയ സീസണുകളിലെല്ലാം ഭീമമായ തുകയാണ് വിമാന ടിക്കറ്റിന് നൽകേണ്ടിവരുന്നത്.

ഗള്‍ഫ് നാടുകളില്‍ നിന്ന് കേരളത്തിലേക്ക് യാത്രാ കപ്പലെന്ന പ്രവാസികളുടെ ദീര്‍ഘ വര്‍ഷത്തെ ആവശ്യം പ്രാവര്‍ത്തികമാക്കുന്നതിന്‍റെ മുന്നോടിയായായിരുന്നു കൂടിക്കാഴ്ച. നവകേരള സദസ്സിനിടയില്‍ കമ്പനി അധിക്യതര്‍ മന്ത്രി അഹമ്മദ് ദേവർകോവിലുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കഴിഞ്ഞദിവസം മാരിടൈം ബോര്‍ഡ് ആസ്ഥാനത്ത് ഉദ്യോഗസ്ഥരുമായി കമ്പനി വിശദമായ ചര്‍ച്ച നടത്തി.

മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്‍എസ് പിള്ള, സിഇഒ ഷൈന്‍, എ ഹഖ്, മന്ത്രിയെ പ്രതിനിധീകരിച്ച് പ്രൈവറ്റ് സെക്രട്ടറിമാരായ പിറ്റി ജോയി, സിപി അന്‍വര്‍ സാദത്ത്, സായി ഷിപ്പിങ് കമ്പനി ഹെഡ് സഞജയ് ബാബര്‍, ആദില്‍ ഫൈസല്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started