പദ്മശ്രീ പുരസ്കാരം തിരിച്ചുനൽകാൻ തീരുമാനമെടുത്ത് ഗുസ്തി താരം ബജ്റംഗ് പൂനിയ

22-12-2023

ഡൽഹി: പദ്മശ്രീ പുരസ്കാരം തിരിച്ചുനൽകാൻ തീരുമാനമെടുത്ത് ഗുസ്തി താരം ബജ്റംഗ് പൂനിയ. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയാണ് താൻ ബഹുമതി ഉപേക്ഷിക്കുന്ന കാര്യം അറിയിച്ചത്. റെസ്‌ലിങ് ഫെഡറേഷന്റെ തലപ്പത്തേക്ക് ലൈംഗികാരോപണം നേരിട്ട് പുറത്തുപോയ ബിജെപി നേതാവ് ബ്രിജ് ഭൂഷൻ ശരൺ സിങ്ങിന്റെ അനുയായി സഞ്ജയ് സിങ്ങിനെ നിയമിച്ചതില്‍ പ്രതിഷേധിച്ചാണ് നടപടി. കഴിഞ്ഞദിവസം വിഖ്യാത ഗുസ്തിതാരം സാക്ഷി മാലിക് കായികരംഗം വിടുന്നതായി പ്രഖ്യാപിച്ച് വാർത്താ സമ്മേളനം വിളിച്ചിരുന്നു.

സർക്കാർ ബ്രിജ് ഭൂഷൺ സിങ്ങിനെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് വാഗ്ദാനം ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ജനുവരിയിൽ തങ്ങൾ തുടങ്ങിയ സമരം നിർത്തിവെച്ചതെന്ന് ബജ്റംഗ് പൂനിയ കത്തിൽ ചൂണ്ടിക്കാട്ടി. സർക്കാരിൽ നിന്ന് പക്ഷെ നടപടികളൊന്നും ഉണ്ടായില്ല. പിന്നീട് തങ്ങൾക്ക് വീണ്ടും സമരം ചെയ്യേണ്ടിവന്നു. ബ്രിജ് ഭൂഷവനെതിരായ ലൈംഗികാക്രമണ പരാതികളിന്മേൽ ഒരു പൊലീസ് എഫ്ഐആർ പോലും ഇടാൻ സർക്കാരിനായിരുന്നില്ല. 19 പേരാണ് പരാതിക്കാരായി രംഗത്തുണ്ടായിരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവരുടെ എണ്ണം ക്രമേണ ഏഴായി കുറഞ്ഞു. തന്റെ സ്വാധീനം ഉപയോഗിച്ച് പരാതിക്കാരെ പിന്തിരിപ്പിക്കുകയായിരുന്നു അദ്ദേഹം. എന്നിട്ടും തങ്ങൾ സമരം തുടർന്നതായി പൂനിയ പ്രധാനമന്ത്രിക്കെഴുതിയ കത്തിൽ പറഞ്ഞു.

വലിയ സമ്മർദ്ദങ്ങൾ സമരക്കാരെ പിന്തിരിപ്പിക്കാനുണ്ടായെന്ന് പൂനിയ കത്തിൽ ചൂണ്ടിക്കാട്ടി. എല്ലാം അതിജീവിച്ചാണ് സമരം മുമ്പോട്ടു പോയത്. സർക്കാരിൽ നിന്ന് യാതൊരു അനുകൂല നീക്കവും കാണാഞ്ഞപ്പോൾ മെഡലുകൾ ഗംഗയിലൊഴുക്കാൻ പോയ കാര്യവും പൂനിയ ഓർമ്മിപ്പിച്ചു. അന്ന് കർഷക നേതാക്കൾ തങ്ങളെ തടഞ്ഞു. ആഭ്യന്തരമന്ത്രി അമിത് ഷായെ നേരിട്ട് കാണുകയും അദ്ദേഹം നടപടിയെടുക്കുമെന്ന് ഉറപ്പുതരികയും ചെയ്തു. അതിനുശേഷമാണ് സമരം അവസാനിപ്പിച്ചത്. എന്നാൽ റെസ്‌ലിങ് ഫെഡറേഷൻ വീണ്ടിം ബ്രിജ് ഭൂഷനു കീഴിൽ വന്നിരിക്കുകയാണെന്ന് പൂനിയ പ്രധാനമന്ത്രിക്കുള്ള കത്തിൽ പറഞ്ഞു. എന്നത്തെയും പോലെ താൻ ഫെഡറേഷന്റെ എല്ലാമായി നിലനിൽക്കുമെന്ന് ബ്രിജ് ഭൂഷൻ പ്രസ്താവന ഇറക്കുകയും ചെയ്തു.

കായികമേഖലയിൽ സുരക്ഷിതത്വമില്ലാതെ ഒരു വനിതാ താരം കായികരംഗം തന്നെ വിടുകയാണെന്നും തന്റെ ദുഖം ഇരട്ടിക്കുകയാണെന്നും ബജ്റംഗ് പൂനിയ പറഞ്ഞു. ബേഠി ബചാവോ ബേഠി പഠാവോ പദ്ധതിയുടെ ബ്രാൻഡ് അംബാസഡർമാരായിരുന്ന സ്ത്രീകൾ സുരക്ഷിതത്വമില്ലാത്തതിനാൽ കായികരംഗം വിടുകയാണ്. “നമ്മുടെ വനിതാ താരങ്ങൾ അപമാനിക്കപ്പെട്ട ഒരു സാഹചര്യത്തിൽ പദ്മശ്രീ അവാർഡ് ജേതാവായി എന്റെ ബാക്കി ജീവിതം കഴിക്കാൻ എനിക്ക് കഴിയില്ല. ആയതിനാൽ ഞാൻ ഈ അവാർഡ് തിരിച്ചു നല്കുന്നു,” ബജ്റംഗ് പൂനിയ എഴുതി.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started