22-12-2023

തിരുവനന്തപുരം: തമിഴ്നാട്ടിലെ പ്രളയബാധിതരെ ചേർത്തുപിടിക്കാൻ സഹായ അഭ്യർഥനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിത ബാധിത കുടുംബങ്ങൾക്ക് അത്യാവശ്യ വസ്തുക്കളടങ്ങുന്ന കിറ്റുകൾ സഹായം നൽകുവാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അരി, ഉപ്പ്, തുവരപരിപ്പ്, പഞ്ചസാര, ഗോതമ്പു പൊടി തുടങ്ങിയവ ഉൾപ്പെടുന്ന കിറ്റാണ് ദുരിതബാധിതർക്ക് വിതരണം ചെയ്യുക. തിരുവനന്തപുരത്തെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓഫിസിൽ ഇവ ശേഖരിക്കുന്നുണ്ടെന്നും ഇതിൽ എല്ലാവരും പങ്കാളികളാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തമിഴ്‌നാട്ടിലെ നാല് ജില്ലകളിലായി 31 പേരാണ് മഴക്കെടുതിയെത്തുടർന്ന് മരിച്ചത്. തെങ്കാശി, കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി എന്നീ ജില്ലകളെയാണ് പ്രളയം സാരമായി ബാധിച്ചത്. പ്രളയബാധിത സംസ്ഥാനത്തിന് കേന്ദ്രം 900 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ കുറിപ്പ്
തമിഴ്‌നാടിന് സഹായം. തമിഴ്നാട്ടിലെ പ്രളയബാധിതരെ കഴിയാവുന്ന സഹായം നൽകി ചേർത്തുപിടിക്കാൻ കേരളം തയ്യാറാവുകയാണ്. ദുരിത ബാധിത കുടുംബങ്ങൾക്ക് അത്യാവശ്യ വസ്തുക്കളടങ്ങുന്ന കിറ്റുകളായി സഹായം നൽകുവാനാണ് ഉദ്ദേശിക്കുന്നത്.
വെള്ള അരി – 5 കിലോ, തുവര പരിപ്പ്, ഉപ്പ്, പഞ്ചസാര, ഗോതമ്പു പൊടി എന്നിവ ഒരു കിലോവീതം, റവ – 500 ഗ്രാം, മുളക് പൊടി – 300 ഗ്രാം, സാമ്പാർ പൊടി – 200 ഗ്രാം, മഞ്ഞൾ പൊടി, രസം പൊടി, ചായപ്പൊടി എന്നിവ 100 ഗ്രാം വീതം, ബക്കറ്റ്, കപ്പ്, സോപ്പ്, ടൂത്ത് പേസ്റ്റ്, ചീപ്പ്, ലുങ്കി, നൈറ്റി, തോർത്ത് എന്നിവ ഒന്ന് വീതം, ടൂത്ത് ബ്രഷ് – 4, സൂര്യകാന്തി എണ്ണ – 1 ലിറ്റർ എന്നിവയാണ് കിറ്റിൽ ഉൾപ്പെടുത്തുന്ന വസ്തുക്കൾ. ഇവ കിറ്റ് ആയി ലഭ്യമാക്കുന്നതാണ് സഹായം വേഗം എത്തിക്കുവാൻ ഉചിതം എന്നാണ് കാണുന്നത്.
തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിന് എതിർവശമുള്ള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓഫിസിൽ ഇവ ശേഖരിക്കുന്നുണ്ട്. സഹജീവികളെ സഹായിക്കാനുള്ള ഈ ഉദ്യമത്തിൽ എല്ലാവരും പങ്കാളികളാകണം എന്നഭ്യർത്ഥിക്കുന്നു.
അതേസമയം തമിഴ്നാട് മുഖ്യമന്ത്രിക്കെതിരെ കേന്ദ്രമന്ത്രി നിർമല സീതാരാമൻ ഇന്ന് രംഗത്തെത്തിയിരുന്നു. തമിഴ്‌നാട്ടിൽ ഇത്ര വലിയ ദുരന്തം നടക്കുമ്പോൾ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഡൽഹിയില്‍ ഇന്ത്യ സഖ്യത്തിനൊപ്പമായിരുന്നുവെന്ന് അവർ വിമര്‍ശിച്ചു. കാലാവസ്ഥാ മുന്നറിയിപ്പ് വൈകിയെന്ന ഡിഎംകെ മന്ത്രി മനോ തങ്കരാജിന്‍റെ വാദം തള്ളിയ നിർമല നാല് ജില്ലകളിൽ ഡിസംബർ 17 ന് കനത്ത മഴ ഉണ്ടാകുമെന്ന് പ്രവചിച്ചിരുന്നുവെന്നും പറഞ്ഞു.

Leave a comment