22-12-2023

തിരുവനന്തപുരം : കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും ശക്തമായ പ്രതിഷേധത്തിനിടയിലും നവകേരള സദസ്സിന്റെ ഭാഗമായി ആറ്റിങ്ങലിൽ നടന്ന പ്രഭാതയോഗത്തിൽ ബഹിഷ്കരണം മറികടന്ന് മൂന്ന് യു.ഡി.എഫ്. നേതാക്കൾ പങ്കെടുത്തു.
ഡി.സി.സി. അംഗവും നെടുമങ്ങാട് നഗരസഭ കൗൺസിലറുമായ എം.എസ്.ബിനു, കെ.പി.സി.സി. വിചാർ വിഭാഗ് മണ്ഡലം പ്രസിഡന്റും കെ.പി.സി.സി. ലീഗൽ സെൽ സംസ്ഥാന കമ്മിറ്റി അംഗവുമായ നിയാസ് എ.സലാം, മുസ്‌ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗവും പ്രവാസി സംഘടനാനേതാവുമായ ആർ.നൗഷാദ് എന്നിവരാണ് പങ്കെടുത്തത്. വൈകുന്നേരം നെടുമങ്ങാട് നിയോജകമണ്ഡലത്തിന്റെ നവകേരള സദസ്സിന്റെ യോഗത്തിലും ബിനു പങ്കെടുത്തു.
To advertise here, Contact Us
നവകേരള സദസ്സിൽ പങ്കെടുത്തതിന് ബിനുവിനെ കോൺഗ്രസിൽനിന്ന് ഡി.സി.സി. പ്രസിഡന്റ് സസ്പെൻഡ് ചെയ്തു.
നവകേരള സദസ്സ് നെടുമങ്ങാട്ടെത്തുമ്പോൾ പ്രതിഷേധ പരിപാടികളടക്കം ബിനുവിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയിരുന്നു. ഒരു കുട്ടിയുടെ ചികിത്സാസഹായത്തിനായാണ് എത്തിയതെന്നാണ് ബിനു പറഞ്ഞത്.
നെടുമങ്ങാട് മണ്ഡലത്തിലെ നാലുവരിപ്പാത നിർമാണം വേഗത്തിലാക്കണമെന്ന് ബിനു പ്രഭാതയോഗത്തിൽ ആവശ്യപ്പെടുകയും ചെയ്തു. വികസനകാര്യങ്ങൾ കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഇടപെടണമെന്നും പ്രശ്നങ്ങൾ കേൾക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുമ്പോൾ ഒഴിഞ്ഞുനിൽക്കുന്നത് ശരിയല്ലെന്നും വർക്കല സ്വദേശി നിയാസ് എ.സലാം പറഞ്ഞു. അഭിഭാഷക ക്ഷേമനിധിത്തുക 20 ലക്ഷമായി ഉയർത്തണമെന്നാണ് നിയാസ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്.നവകേരള സദസ്സ് യു.ഡി.എഫ്. ബഹിഷ്കരിച്ചതു ശരിയാണെന്ന് കരുതുന്നില്ലെന്നും പ്രവാസികളുടെ വിഷയങ്ങളാണ് ശ്രദ്ധയിൽപ്പെടുത്തിയതെന്നും നൗഷാദ് പറഞ്ഞു.ബി.ജെ.പി. നേതാവും മംഗലാപുരം പഞ്ചായത്തംഗവുമായ തോന്നയ്ക്കൽ രവി ചിറയിൻകീഴ് മണ്ഡലത്തിലെ നവകേരള സദസ്സിൽ സജീവമായിരുന്നു. പഞ്ചായത്തുതല സംഘാടകസമിതി ഭാരവാഹിയുമായിരുന്നു.

Leave a comment