വർക്കല വഴി തലസ്ഥാനജില്ലയിൽ പ്രവേശിച്ച നവകേരള സദസ്സിന് ആവേശോജ്ജ്വല വരവേൽപ്പ്

21-12-2023

വർക്കല : വർക്കല വഴി തലസ്ഥാനജില്ലയിൽ പ്രവേശിച്ച നവകേരള സദസ്സിന് ആവേശോജ്ജ്വല വരവേൽപ്പ്. തലസ്ഥാന ജില്ലയിലെ ആദ്യപരിപാടി ശിവഗിരി തീർഥാടന ഓഡിറ്റോറിയത്തിൽ നടന്നു. 

സി.പി.എം. ജില്ലാ സെക്രട്ടറി വി.ജോയിയുടെ മണ്ഡലത്തിലെത്തിയ നവകേരള സദസ്സിന് വേദിയിലും വഴിയോരങ്ങളിലും ഉജ്ജ്വല സ്വീകരണമാണ് ഒരുക്കിയത്. ആയിരങ്ങൾ സദസ്സിലേക്ക് ഒഴുകിയെത്തി. 

To advertise here, Contact Us

പരിപാടിയുടെ ഭാഗമായി ഉച്ചമുതൽ നിവേദനങ്ങൾ സ്വീകരിച്ചു. ഇതിനായി ഓഡിറ്റോറിയത്തിനു സമീപം 23 കൗണ്ടറുകൾ സജ്ജീകരിച്ചു. ഭിന്നശേഷിക്കാർ, വയോജനങ്ങൾ, സ്ത്രീകൾ എന്നിവർക്ക് പ്രത്യേക കൗണ്ടറുകളുമുണ്ടായിരുന്നു. നിവേദനങ്ങൾ തയ്യാറാക്കാൻ ഹെൽപ്പ് ഡെസ്‌ക്കിന്റെ സഹായവും ലഭ്യമാക്കി. 

ഗായകൻ അതുൽ നറുകരയുടെ ഗാനമേളയോടെയാണ് പരിപാടി തുടങ്ങിയത്. ആറുമണിയോടെ നവകേരള സദസ്സ് തുടങ്ങി. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വി.അബ്ദുറഹ്മാൻ, വി.എൻ.വാസവൻ എന്നിവർ ആമുഖമായി സംസാരിച്ചു. ശിവഗിരി തൊടുവെ പാലം നിർമാണത്തിന് മന്ത്രിസഭായോഗം അനുവാദം നൽകിയതായി മന്ത്രിമാർ അറിയിച്ചു.

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ജില്ലാ അതിർത്തിയായ പാരിപ്പള്ളി മുക്കടയിൽ സ്വീകരണം നൽകി. തുടർന്ന് ബൈക്ക് റാലിയുടെ അകമ്പടിയോടെ പാളയംകുന്ന്, നടയറ, ഗുരുകുലം ജങ്ഷൻ വഴി ശിവഗിരിയിലേക്കെത്തി.

രാത്രി 7.10 -ഓടെ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് വേദിക്ക് സമീപമെത്തിയതോടെ ആവേശമുയർന്നു. പഞ്ചവാദ്യത്തിന്റെയും കലാരൂപങ്ങളുടെയും ആനയുടേയും സാന്നിധ്യത്തിലായിരുന്നു സ്വീകരണം. 

കിരീടവും കൂറ്റൻ ഹാരവുമണിയിച്ചാണ് മുഖ്യമന്ത്രിയെ വേദിയിൽ സ്വീകരിച്ചത്. ശിവഗിരിക്കായി സ്വാമി സച്ചിദാനന്ദ പുസ്തകങ്ങൾ നൽകി മുഖ്യമന്ത്രിയെ സ്വീകരിച്ചു. തുടർന്ന് മുഖ്യമന്ത്രി സംസാരിച്ചു.

വി.ജോയി എം.എൽ.എ. അധ്യക്ഷനായി. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ്‌ സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, നടയറ ജുമാ മസ്ജിദ് ഇമാം സഹദുദീൻ നിസാമി, വർക്കല നഗരസഭാ ചെയർമാർ കെ.എം.ലാജി, വർക്കല തഹസിൽദാർ അജിത്ത് ജോയി, ജില്ലാ, ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ശക്തമായ പോലീസ് സന്നാഹവും ഏർപ്പെടുത്തിയിരുന്നു.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started