പോലീസിന്റെ പ്രതിരോധവും മുൻകരുതലുകളും മറികടന്ന് സെക്രട്ടേറിയറ്റ്‌ നട മണിക്കൂറുകളോളം സംഘർഷഭൂമിയാക്കി യൂത്ത്‌ കോൺഗ്രസ്

21-12-2023

തിരുവനന്തപുരം : പോലീസിന്റെ പ്രതിരോധവും മുൻകരുതലുകളും മറികടന്ന് സെക്രട്ടേറിയറ്റ്‌ നട മണിക്കൂറുകളോളം സംഘർഷഭൂമിയാക്കി യൂത്ത്‌ കോൺഗ്രസ്. കല്ലും വടിയുമായി പോലീസിനെ നേരിട്ട പ്രവർത്തകർ, പലതവണ സെക്രട്ടേറിയറ്റിന്റെ മതിൽ ചാടിക്കടക്കാനും ശ്രമിച്ചു. നവകേരള സദസ്സ്‌ കടന്നുവരുന്ന വഴികളിൽ പ്രതിഷേധിക്കുന്ന യൂത്ത്‌ കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതയ്ക്കുന്നതിനെതിരേയായിരുന്നു മാർച്ച്. നവകേരള സദസ്സ്‌ സമാപ്തിയിലേക്കെത്തുമ്പോൾ യൂത്ത്‌ കോൺഗ്രസിന്റെ പ്രതിഷേധവും കടുത്തു. 

മാർച്ച് കടന്നുവന്ന വഴികളിലും സെക്രട്ടേറിയറ്റിനു മുന്നിലും സ്ഥാപിച്ചിരുന്ന നവകേരള സദസ്സ്‌ ബോർഡുകളെല്ലാം പ്രവർത്തകർ നശിപ്പിച്ചു. ബാരിക്കേ‍ഡ് മറികടക്കാനുള്ള ശ്രമവും ജലപീരങ്കിപ്രയോഗവും കഴിഞ്ഞ് സമരം അവസാനിക്കുമെന്നായിരുന്നു പോലീസിന്റെ കണക്കുകൂട്ടൽ. എന്നാൽ, വീണ്ടും സംഘടിച്ചെത്തിയ യൂത്ത്‌ കോൺഗ്രസുകാർ പോലീസിെനതിരേ കടുത്ത ആക്രമണം അഴിച്ചുവിടുകയായിരുന്നു. പോലീസിനുനേരേ കല്ലേറും കുപ്പിയേറുമുണ്ടായി. വടികളും വലിച്ചെറിഞ്ഞു. ഇതോടെ വീണ്ടും ജലപീരങ്കി പ്രയോഗിച്ചു. സെക്രട്ടേറിയറ്റ് മതിൽ ചാടിക്കടന്ന് അകത്തുകയറാനുള്ള പ്രവർത്തകരുടെ ശ്രമം പോലീസ് തടഞ്ഞപ്പോൾ ബാരിക്കേഡിനു മുകളിൽ കയറിയായി പ്രതിഷേധം. ബോർഡുകളിൽനിന്നും കൊടികളിൽനിന്നും അഴിച്ചെടുത്ത വടികളും പോലീസിനുനേരേ പ്രവർത്തകർ വലിച്ചെറിഞ്ഞു. പോലീസ് അഞ്ചു തവണ ജലപീരങ്കി പ്രയോഗിച്ചു. 

To advertise here, Contact Us

വനിതാ പ്രവർത്തകർ ഉൾപ്പെടെയുള്ളവരാണ് സെക്രട്ടേറിയറ്റിന്റെ മതിലിനു മുകളിൽ കയറിയത്. മതിലിനു സമീപം പോലീസിനെ വിന്യസിച്ചിരുന്നു. ഇവർ പാടുപെട്ടാണ് പ്രതിഷേധക്കാരെ തടഞ്ഞത്. പോലീസ് ലാത്തിവീശിയതിൽ നേതാക്കളായ രാഹുൽ മാങ്കൂട്ടത്തിൽ, വി.കെ.ഷിബിന എന്നിവരുൾപ്പെടെയുള്ളവർക്കും ഏതാനും പ്രവർത്തകർക്കും പരിക്കേറ്റു. 

കന്റോൺമെന്റ് എസ്.ഐ. ദിൽജിത്ത് ഉൾപ്പെടെയുള്ള പോലീസുകാർക്കും പരിക്കേറ്റു. ഇതിനിടെ, അറസ്റ്റുചെയ്ത് പോലീസ് വാനിൽ കയറ്റിയവരെ മറ്റു പ്രവർത്തകരെത്തി മോചിപ്പിക്കുന്നതും കാണാമായിരുന്നു. പോലീസ് വാനിന്റെ ചില്ല് തകർന്ന് പോലീസുകാർക്കും പരിക്കേറ്റു. അടുത്തുള്ള വ്യാപാരസ്ഥാപനത്തിലേക്ക് ഒാടിക്കയറിയവരെ പോലീസ് പിന്തുടർന്നു പിടികൂടിയെങ്കിലും പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ ഇവരെയും മോചിപ്പിച്ചു. 

ഇത്രയും അക്രമം നടന്നിട്ടും പ്രതിരോധം പാളിയ പോലീസ്, ഒടുവിൽ ഡി.സി.സി. ഓഫീസിൽ എത്തുകയായിരുന്നു. പിരിഞ്ഞുപോയ പ്രവർത്തകർ ബേക്കറി ജങ്ഷനിലെ ഡി.സി.സി. ഓഫീസിൽ ഒത്തുചേർന്നതറിഞ്ഞ് പോലീസ് അങ്ങോട്ടെത്തിയത് വീണ്ടും സംഘർഷാവസ്ഥ സൃഷ്ടിച്ചു.

പാർട്ടി ഓഫീസിനുള്ളിൽ കയറി പ്രവർത്തകരെ അറസ്റ്റ് ചെയ്യാനുള്ള അസാധാരണ നീക്കത്തിനും പോലീസ് ശ്രമിച്ചു. പക്ഷേ, പ്രതിപക്ഷ നേതാവുൾപ്പെടെയുള്ള നേതാക്കളെത്തി ഇതു ചെറുത്തു. പ്രവർത്തകർക്ക് നേതാക്കൾ സംരക്ഷണമൊരുക്കുന്ന കാഴ്ചയാണ് ഇവിടെ കണ്ടത്.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started