പമ്പയിൽനിന്ന് സന്നിധാനത്തെത്തി ദർശനം നടത്താൻ ഒന്നിലധികം ദിവസം വേണ്ടി വരുന്ന തരത്തിലേക്കാണ് ഭക്തജന തിരക്ക്

21-12-2023

പത്തനംതിട്ട: പമ്പയിൽനിന്ന് സന്നിധാനത്തെത്തി ദർശനം നടത്താൻ ഒന്നിലധികം ദിവസം വേണ്ടി വരുന്ന തരത്തിലേക്കാണ് ഭക്തജന തിരക്ക് വർധിക്കുന്നത്. കനത്ത തണുപ്പിലും മല കയറാൻ മണിക്കൂറുകളോളമാണ് ഭക്തർ പമ്പ, നീലിമല, അപ്പാച്ചി മേട്, മരക്കൂട്ടം, ശരം കുത്തി എന്നിവിടങ്ങളിൽ കാത്തുനിൽക്കുന്നത്. പ്രവൃത്തി ദിവസങ്ങളിൽ കാര്യങ്ങൾ ഇത്തരത്തിലെങ്കിൽ ക്രിസ്മമസ് അവധി ദിവസങ്ങളിൽ കാര്യങ്ങൾ എവിടേക്കെത്തുമെന്ന ആശങ്കയും പോലീസിനും ദേവസ്വം ബോർഡ് അധികൃതർക്കുമുണ്ട്.

To advertise here, Contact Us

ഭക്തരെ കൊണ്ട് ക്യൂ കോംപ്ലക്സുകൾ നിറയുന്ന സാഹചര്യമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പത്തനംതിട്ട മുതൽ നിലക്കൽ വരെയും എരുമേലി – ഇലവുങ്കൽ ശബരിമല പാതയിലുമായി 12 മണിക്കൂറിലധികം സമയം വലിയ വാഹനങ്ങൾ പിടിച്ചിട്ടതിന് ശേഷമാണ് പമ്പയിലെത്തുന്നത്. അപ്പോഴാണ് സന്നിധാനത്ത് തിരക്ക് കൂടുതലാണെന്നും ഇപ്പോൾ മല കയറാൻ കഴിയില്ലെന്നുമുള്ള അറിയിപ്പ് നൽകുന്നത്. ഇതോടെ വീണ്ടും പമ്പയിൽ അകപ്പെടുകയാണ്.

അവധി ദിവസം അല്ലാത്തതിനാൽ വലിയ തിരക്ക് ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് നിരവധി പേര്‍ കഴിഞ്ഞ ദിവസങ്ങളിൽ ദർശനത്തിന് വെർച്വൽ ക്യു ബുക്ക് ചെയ്തെത്തിയത്. എന്നാൽ, ഇതിൽ നിരവധി പേർക്കും ഉദ്ദേശിച്ച സമയം സന്നിധാനത്തേക്ക് പോകാൻ കഴിഞ്ഞില്ല. അതിനാൽ പമ്പയുടെ മണൽ പരപ്പിൽ പലയിടത്തായി തീർഥാടകരെ വടം കെട്ടി തടഞ്ഞു നിർത്തി. ഏറെ വൈകിയാണ് പിന്നീടിവർക്ക് മുകളിലേക്ക് പോകാനായത്. തിരക്ക് വീണ്ടും വർധിച്ചതോടെ ശബരിമലയിൽ ദർശനത്തിനെത്തുന്ന ഭക്തജനങ്ങൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നത് സംബന്ധിച്ച് അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് സൂരജ് ഷാജിയുടെ അധ്യക്ഷതയിൽ സന്നിധാനത്ത് ഉന്നതതല ഏകോപന സമിതി യോഗം ചേർന്നു.

To advertise here, Contact Us

ഭക്തർ വിരിവെയ്ക്കുന്ന സ്ഥലം കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കാൻ ദേവസ്വം ബോർഡിനും സന്നദ്ധ സംഘടനകൾക്കും യോഗം നിർദേശം നൽകി. അവശ്യ സാധനങ്ങൾക്ക് അധിക വില ഈടാക്കുന്നത് നിയന്ത്രിക്കാൻ പരിശോധന കർശനമാക്കും. ക്യുവിൽ നിൽക്കുന്നവർക്ക് വെള്ളവും ലഘു ഭക്ഷണവും എത്തിക്കുന്നതിന് വേണ്ട ക്രമീകരണങ്ങൾ സംബന്ധിച്ച് യോഗം ചർച്ച ചെയ്തു. മണ്ഡലകാല പൂജയോടനുബന്ധിച്ചുള്ള തിരക്ക് നിയന്ത്രിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളും വിഷയമായി. ഡ്യൂട്ടി മജിസ്ട്രേറ്റ് എൻകെ കൃപ, ദേവസ്വം എ്സിക്യൂട്ടീവ് ഓഫീസർ വി.കൃഷ്ണകുമാർ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started