15-12-2023

കൊല്ലം: വയോധികയെ ക്രൂരമായി മർദിച്ച സംഭവത്തിൽ അറസ്റ്റിലായ മരുമകളുടെ ജാമ്യാപേക്ഷ കോടതി തള്ളി. തെക്കുംഭാഗം തേവലക്കര സ്വദേശിയായ ഏലിയാമ്മ വർഗീസിനെ (80) മർദിച്ച സംഭവത്തിൽ മകന്റെ ഭാര്യ മഞ്ജുമോൾ തോമസിൻ്റെ (42) ജാമ്യാപേക്ഷയാണ് ചവറ കോടതി തള്ളിയത്. രണ്ടു മക്കളുണ്ടെന്നും മക്കളെ പരിചരിക്കാൻ ജാമ്യം അനുവദിക്കണമെന്നുമായിരുന്ന മഞ്ജുവിൻ്റെ ആവശ്യം. ഇത് തള്ളിയ കോടതി പ്രതിയെ 14 ദിവസത്തേക്ക് തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് റിമാൻഡ് ചെയ്തു.
To advertise here, Contact Us
ഭർതൃമാതാവായ ഏലിയാമ്മയെ മഞ്ജു ക്രൂരമായി മർദിക്കുന്ന കഴിഞ്ഞ ദിവസം ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മാസങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരുന്നത്. വയോധികയോട് പ്രതി ആക്രോശിക്കുന്നതും നിലത്തേക്ക് പിടിച്ചുതള്ളുന്നതും മർദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വീഡിയോ പകർത്തുന്നയാൾക്ക് നേരെ നഗ്നതാപ്രദർശനം നടത്തുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. മരുമകളുടെ ആക്രമണത്തിനുശേഷം വയോധിക പണിപ്പെട്ട് എഴുന്നേൽക്കുന്നതും താനൊന്നും പറഞ്ഞില്ലല്ലോ എന്നും ഇനി അൽപനേരം കിടന്നോട്ടെ എന്നും പറയുന്നതും ദൃശ്യങ്ങളുണ്ട്.
To advertise here, Contact Us
ഏലിയാമ്മയുടെ പരാതിയിൽ തെക്കുംഭാഗം പോലീസ് മഞ്ജുവിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വധശ്രമം, നഗ്നതാപ്രദർശനം, മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമം തുടങ്ങിയ വകുപ്പുകളാണ് മഞ്ജുവിനെതിരെ ചുമത്തിയത്. വർഷങ്ങളായി താൻ ഇത്തരം ശാരീരിക മാനസിക പീഡനങ്ങൾക്കിരയാകുന്നതായി ഏലിയാമ്മ നൽകിയ പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസവും മർദനമേറ്റതോടെ പഞ്ചായത്തംഗത്തിൻ്റെ സഹായത്തോടെയാണ് ഏലിയാമ്മ പോലീസിനെ സമീപിച്ചത്. ഇതിനു പിന്നാലെയാണ് മാസങ്ങൾക്കു മുൻപ് മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപകമായി പ്രചരിച്ചത്.
To advertise here, Contact Us
മഞ്ജുവിൽനിന്ന് പതിവായി മർദനമേൽക്കുമായിരുന്നുവെന്ന് ഏലിയാമ്മ പറയുന്നു. കുഞ്ഞുങ്ങളെ ഓർത്താണ് ഒന്നിനും പോകാതിരുന്നത്. ഇന്നലെ തീരെ വയ്യായിരുന്നു. ചെപ്പക്കുറ്റിക്കടിക്കുകയും പുറത്തിടിക്കുകയും ചെയ്യും. തൻ്റെ മോനെയും അവൾ ഉപദ്രവിക്കും. ആദ്യ കുഞ്ഞ് ഉണ്ടായ ശേഷം മുതൽ മർദനം തുടങ്ങി. കൈയും കാലും മുതൽ കമ്പികൊണ്ടുവരെ അടിക്കും. തലമുടി ചുറ്റിപ്പിടിച്ച് തള്ളിയിടും. നിലവിളക്കുകൊണ്ട് മകനെ അടിക്കുമെന്നും ഏലിയാമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. പ്രതി മഞ്ജുമോൾ തോമസ് ഹയർ സെക്കൻഡറി അധ്യാപികയാണ്.

Leave a comment