15-12-2023

കൊല്ലം: മാവേലിക്കരയിൽ ആറു വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ പിതാവ് ട്രെയിനിൽനിന്ന് ചാടി ജീവനൊടുക്കി. മാവേലിക്കര പൊന്നുമൂട് ആനക്കൂട്ടിൽ ശ്രീമഹേഷ് (38) ആണ് മരിച്ചത്. ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയ ശേഷം തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകുംവഴിയാണ് സംഭവം. ഒപ്പമുണ്ടായിരുന്ന പോലീസുകാരെ തള്ളിമാറ്റി മെമു ട്രെയിനിൽനിന്ന് ട്രാക്കിലേക്ക് ചാടുകയായിരുന്നു. ഇയാൾക്ക് തൽക്ഷണം മരണം സംഭവിച്ചു.
To advertise here, Contact Us
ശാസ്താംകോട്ടയിൽ വെച്ച് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. ആറു വയസ്സുകാരിയായ നക്ഷത്രയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് പിതാവായ ശ്രീമഹേഷ്. കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നതിനായി പ്രതിയെ ആലപ്പുഴ അഡീഷണൽ കോടതിയിൽ എത്തിച്ചിരുന്നു. ഇതിനുശേഷം ട്രെയിനിൽ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുംവഴിയാണ് ഇയാൾ ട്രാക്കിലേക്ക് ചാടി ജീവനൊടക്കിയത്.
To advertise here, Contact Us
ഈ വർഷം ജൂൺ ഏഴിനാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. രാത്രി ഏഴരയോടെ ശ്രീമഹേഷ് മകളായ നക്ഷത്രയെ വീട്ടിൽവെച്ചു മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ ശ്രീമഹേഷിൻ്റെ അമ്മ സുനന്ദയ്ക്കും വെട്ടേറ്റിരുന്നു. ആദ്യ ഭാര്യയുടെ മരണ ശേഷം പുനർവിവാഹത്തിന് തയ്യാറെടുത്ത ശ്രീമഹേഷ് മകൾ തടസ്സമാകുമെന്ന് കരുതിയാണ് കൊലപാതകം നടത്തിയത്.
To advertise here, Contact Us
പ്രതി മുൻപും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്. മാവേലിക്കര സബ് ജയിലിൽ എത്തിച്ചപ്പോൾ കഴുത്തിലെയും കൈയിലെയും ഞരമ്പ് മുറിച്ചായിരുന്നു ആത്മഹത്യാശ്രമം. സൂപ്രണ്ടിൻ്റെ മുറിയിൽ എത്തിച്ചതിനിടെ മേശപ്പുറത്തിരുന്ന ബ്ലേഡ് ഉപയോഗിച്ചായിരുന്നു ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവത്തിൽ ഇയാളുടെ നില ഗുരുതരമായിരുന്നു. ആശുപത്രി വിട്ട ഇയാളെ പിന്നീട് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. കേസിൻ്റെ സാക്ഷിവിസ്താരം ജനുവരി 16ന് ആരംഭിക്കാനിരിക്കെയാണ് പ്രതി ആത്മഹത്യ ചെയ്തത്.

Leave a comment