14-12-2023

വിഴിഞ്ഞം : നടന്നുപോകുന്നതിനിടെ കൊളുത്തിളകി റോഡിൽ വീണുപോയ രണ്ടുപവന്റെ മാല നഷ്ടപ്പെട്ടുവെന്ന് കരുതിയ ജീവന് അതു തിരിച്ചുകിട്ടിയപ്പോൾ അടക്കാനാവാത്ത സന്തോഷം.
വിഴിഞ്ഞം കോട്ടപ്പുറം കടയ്ക്കുളം എൻ.ജെ. കോട്ടേജിൽ താമസിക്കുന്ന ജീവന്റെ മാലയാണ് വെങ്ങാനൂർ നീലകേശി റോഡിൽ കളഞ്ഞുപോയത്. കൂട്ടുകാരുമൊത്ത് റോഡിലൂടെ നടക്കവേയായിരുന്നു മാലയിളകി വീണത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഇതുവഴി പോകുകയായിരുന്ന വെങ്ങാനൂർ പനങ്ങോട് സ്വദേശി അജികുമാറിന് റോഡിൽനിന്ന് മാല കളഞ്ഞുകിട്ടിയിരുന്നു. ഇതുമായി പരിസരത്ത് അന്വേഷിച്ചുവെങ്കിലും ആർക്കും മാലനഷ്ടപ്പെട്ടതായി പറഞ്ഞിരുന്നില്ല.
To advertise here, Contact Us
ഇതേത്തുടർന്ന് വിഴിഞ്ഞം പോലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞ് മാല കൈമാറി. മാല അന്വേഷിച്ച് നടന്ന ജീവനോടു കളഞ്ഞുകിട്ടിയ ഒരു മാല സ്റ്റേഷനിൽ ആരോ എത്തിച്ചിട്ടുണ്ടെന്ന് കേൾക്കുന്നുവെന്ന് നാട്ടുകാരൻ പറഞ്ഞു.
മാലയുടെ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞശേഷം എസ്.എച്ച്.ഒ. പ്രജീഷ് ശശി, എസ്.ഐ. കെ.ജി.പ്രസാദ് എന്നിവരുടെ സാന്നിധ്യത്തിൽ അജികുമാർ മാല ജീവനു കൈമാറി. അജികുമാറിന്റെ നല്ല മനസ്സിനു കൈയിൽ മുത്തംനൽകിയും പോലീസിനു വലിയൊരു നന്ദിയുമറിയിച്ചാണ് ജീവൻ മടങ്ങിയത്.

Leave a comment