13-12-2023

തിരുവനനന്തപുരം: പാലോട് എൻ എസ് എസ് ഹൈസ്‌കൂളിലെ കുട്ടികൾ ചരിത്രം കുറിച്ചിരിക്കുകയാണ്. സ്വന്തമായുണ്ടാക്കിയ അരികൊണ്ട് സദ്യയുണ്ടാണ് ഈ വിദ്യാർത്ഥികൾ വിദ്യാലയങ്ങളുടെ ചരിത്രത്തിൽ തന്നെ സമാനതകൾ ഇല്ലാത്ത പ്രവർത്തനം നടത്തിയിരിക്കുന്നത്.
പെരിങ്ങമ്മല നോർത്ത് പടശേഖരത്തിലായിരുന്നു ഇവരുടെ നെൽകൃഷി. ആറുമാസം മുമ്പാണ് പാലോട് എൻ എസ് എസ് ഹൈസ്‌കൂളിലെ കുട്ടികൾ ചേർന്ന് പാടത്ത് വിത്ത് വിതച്ചത്. ത്രിവേണി മട്ട ഇനത്തിൽപ്പെട്ട നെല്ലാണ് വിതച്ചത്.
ആറു മാസം കുട്ടികളും പിടിഎയും ചേർന്നായിരുന്നു നെൽകൃഷിയുടെ പരിപാലനം. ആറ് മാസത്തിന് ശേഷം 50 സെന്റ് വയലിൽ നിന്ന് ഇവർ നൂറുമേനി കൊയ്‌തെടുത്തു. കുട്ടികളും അധ്യാപകരും ചേർന്നാണ് നെല്ല് കൊയ്‌തെടുത്തത്.
150 – ഓളം കുട്ടികൾ പഠിക്കുന്നു വിദ്യാലയ മുറ്റത്ത് പച്ചക്കറികളും മറ്റും കൃഷി ചെയ്യുന്നുണ്ട്. കൃഷി ചെയ്‌തെടുത്ത നെല്ല് കുത്തരിയാക്കി ഇലയിൽ സദ്യ വിളമ്പാൻ അധ്യാപകരും പിടിഎയും ചേർന്ന് തീരുമാനിച്ചു. സ്‌കൂളിൽ നിന്ന് കിട്ടിയ പച്ചക്കറികൾ കൂടി ഉപയോഗിച്ചപ്പോൾ സദ്യ ഗംഭീരമായി.
അധ്യാപകർ, വിദ്യാർഥികൾ, പിടിഎ അംഗങ്ങൾ എന്നിവരുടെ കൂട്ടായ പ്രവർത്തനമാണ് കൃഷി വിജയമാക്കുവാൻ കഴിഞ്ഞതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. സ്വന്തമായുണ്ടാക്കിയ അരികൊണ്ടുള്ള സദ്യ കുട്ടികൾക്ക് പുതിയ ഒരു അനുഭവമായിരുന്നുവെന്ന് അധ്യാപകരും പറഞ്ഞു.

Leave a comment