പാർലമെൻറ് ആക്രമണത്തിന്റെ 22-ാംവാർഷിക ദിനത്തിൽ ലോക്സഭയിൽ വൻ സുരക്ഷാവീഴ്ച

13-12-2023

ന്യൂഡൽഹി: പാർലമെൻ്റ് ആക്രമണത്തിൻ്റെ 22-ാം വാർഷിക ദിനത്തിൽ ലോക്സഭയിൽ വൻ സുരക്ഷാവീഴ്ച. ലോക്സഭാ സമ്മേളനത്തിൻ്റെ ശൂന്യവേളയ്ക്കിടെ സന്ദർശക ഗ്യാലറിയിൽനിന്ന് കണ്ണീർവാതകവുമായി രണ്ടുപേർ എംപിമാരുടെ ഇരിപ്പിടത്തിലേക്ക് ചാടി. സർക്കാർ വിരുദ്ധ മുദ്രാവാക്യം വിളിച്ചായിരുന്നു സംഭവം. ഇവരുടെ പക്കലുണ്ടായിരുന്ന ഉപകരണത്തിൽനിന്ന് മഞ്ഞ നിറമുള്ള പുക ഉയർന്നു. സംഭവത്തിൽ രണ്ടുപേരെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. എംപിമാർ സുരക്ഷിതരാണ്. ആർക്കും പരിക്കില്ല. സംഭവത്തെ തുടർന്ന് രണ്ടുമണിവരെ സഭ പിരിഞ്ഞു.

സംഭവം സുരക്ഷാവീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി രംഗത്തെത്തി. സന്ദ‍ർശക ഗ്യാലറിയിൽനിന്ന് രണ്ടു യുവാക്കൾ എടുത്തുചാടിയതിനു പിന്നാലെ ഇവർ പുക ഉയരുന്ന വസ്തു എറിഞ്ഞുവെന്ന് അധിർ രഞ്ജൻ ചൗധരി പറഞ്ഞു. സംഭവത്തിനു പിന്നാലെ എംപിമാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേ‍ർന്ന് ഇവരെ പിടികൂടിയെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് തീർച്ചയായും സുരക്ഷാവീഴ്ചയാണ്. 2001ലെ പാ‍ർലമെൻ്റ് ആക്രമണത്തിൻ്റെ വാർഷിക ദിനത്തിലാണ് സംഭവമെന്നും അദ്ദേഹം പറഞ്ഞു.

20 വയസ്സിനടുത്ത് പ്രായമുള്ള രണ്ട് യുവാക്കൾ സന്ദർശക ഗ്യാലറിയിൽനിന്ന് സഭയിലേക്ക് എടുത്തുചാടുകയായിരുന്നുവെന്ന് കാർത്തി ചിദംബരം എംപി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. അവരുടെ കൈയിൽലുള്ള ഉപകരണത്തിൽനിന്ന് മഞ്ഞപ്പുക ഉയരുന്നുണ്ടായിരുന്നു. രാൾ സ്പീക്കറുടെ ഇരിപ്പിടത്തിനുനേ‍ർക്ക് ഓടാൻ ശ്രമിക്കുകയായിരുന്നു. ചില മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തു. ഇത് ഗുരുതരമായ സുരക്ഷാ ലംഘനമാണ്, പാർലമെന്റ് ആക്രമണം നടന്ന ദിവസമാണ് സംഭവമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, പാ‍ർലമെൻ്റിനു പുറത്തും സമാന സംഭവം ഉണ്ടായി. മഞ്ഞപ്പുക ഉയർത്തി പ്രതിഷേധവുമായെത്തിയ സ്ത്രീയെയും പുരുഷനെയും പോലീസ് കസ്റ്റഡിയിലെടുത്തു.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started