കേരളത്തില്‍ ആം ആദ്മിയുടെ അക്കൗണ്ട് തുറന്ന ചരിത്ര നേട്ടത്തില്‍ അഭിനന്ദനവുമായി എഎപി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍

13-12-2023

ഇടുക്കി: കേരളത്തില്‍ ആം ആദ്മിയുടെ അക്കൗണ്ട് തുറന്ന ചരിത്ര നേട്ടത്തില്‍ അഭിനന്ദനവുമായി എഎപി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടുക്കി ജില്ലയിലെ കരിങ്കുന്നം പഞ്ചായത്ത് നെടിയകാട് വാര്‍ഡിലാണ് (ഏഴാം വാര്‍ഡ്) എഎപി സ്ഥാനാര്‍ഥി ബീന കുര്യന്‍ വിജയിച്ചത്. നാല് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബീന കുര്യന്‍ വിജയിച്ചത്.

കോണ്‍ഗ്രസില്‍നിന്ന് സീറ്റ് പിടിച്ചെടുക്കുകയായിരുന്നു. അക്കൗണ്ട് തുറന്നതിനെ അഭിനന്ദിച്ച് എഎപി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിപ്പ് പങ്കുവെച്ചു. ‘ബീന കുര്യന്റെ വിജയം കേരളത്തിലെ എല്ലാ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും സമര്‍പ്പിക്കുന്നെന്ന്’ കെജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചു. സംസ്ഥാനത്തെ എഎപി വിപ്ലവത്തിന്റെ ആരംഭമാണിതെന്ന് എഎപി കേരള ഘടകം എക്‌സില്‍ അഭിപ്രായപ്പെട്ടു.

ബീന കുര്യന്‍ – 202, യുഡിഎഫിലെ സോണിയ ജോസ് – 198, എല്‍ഡിഎഫിലെ സതി ശിശുപാലന്‍ – 27 എന്നിങ്ങനെയാണ് വോട്ടുകള്‍ നേടിയത്. 13 അംഗങ്ങളാണ് പഞ്ചായത്തില്‍ യുഡിഎഫ് 9, എല്‍ഡിഎഫ് രണ്ട്, ബിജെപി ഒന്ന്, ആംആദ്മി പാര്‍ട്ടി ഒന്ന് എന്ന നിലയിലാണ്. സംസ്ഥാനത്തെ വിവിധ തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ നേട്ടം. ഒരു സിറ്റിങ് സീറ്റ് തോറ്റ യുഡിഎഫി നാല് സീറ്റുകള്‍ പിടിച്ചെടുത്തു.

യുഡിഎഫ് 17 സീറ്റുകളിലും എല്‍ഡിഎഫ് 10 സീറ്റുകളിലും ബിജെപി നാല് സീറ്റിലും വിജയിച്ചു. ഒരിടത്ത് എസ്ഡിപിഐയും ഒരിടത്ത് ആം ആദ്മി പാര്‍ട്ടിയും ജയിച്ചു. 14 ജില്ലകളിലായി ഒരു ജില്ലാപ്പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി, 24 ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. എല്‍ഡിഎഫിന്റെ പത്തും യുഡിഎഫിന്റെ പതിനൊന്നും ബിജെപിയുടെ എട്ടും എസ്ഡിപിഐയുടെ രണ്ടും സിറ്റിങ് സീറ്റുകള്‍ ഉള്‍പ്പടെയുള്ളതിലാണ് തെരഞ്ഞെടുപ്പ് നടന്നത്. രണ്ടെണ്ണം സ്വതന്ത്രരുടെ സിറ്റിങ് സീറ്റുകളായിരുന്നു.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started