മുതലപ്പൊഴി ഹാർബറിന് കേന്ദ്രസഹായം ആവശ്യപ്പെട്ട് കേരളം സമർപ്പിച്ച അഭ്യർഥന അപര്യാപ്തമെന്ന് കേന്ദ്രം

09-12-2023

ആറ്റിങ്ങൽ : മുതലപ്പൊഴി ഹാർബറിന് കേന്ദ്രസഹായം ആവശ്യപ്പെട്ട് കേരളം സമർപ്പിച്ച അഭ്യർഥന അപര്യാപ്തമെന്ന് കേന്ദ്രം. 

അടൂർ പ്രകാശ് എം.പി.യുടെ ചോദ്യത്തിന് ഫിഷറീസ് മന്ത്രി പുരുഷോത്തം റുപാല ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

ഹാർബർ നവീകരണത്തിനായി കേരളം 50 കോടി രൂപയുടെ പദ്ധതിയാണ് സമർപ്പിച്ചത്. 

ഹാർബറിലെ അനുബന്ധ സൗകര്യങ്ങളുടെ വികസനത്തിനുവേണ്ടി മാത്രമുള്ളതായിരുന്നു. സുരക്ഷിതത്വ നടപടിയെക്കാളുപരി ഹാർബറിനോട് ബന്ധപ്പെട്ട റോഡ്, പാർക്കിങ് സ്ഥലം, കെട്ടിടങ്ങൾ, കോൾഡ് സ്‌റ്റോറേജ് എന്നിവയുടെ നിർമാണത്തിനും ഹാർബറിന്റെ സൗന്ദര്യവത്കരണത്തിനുമാണ് കേരളം ഊന്നൽ നൽകിയത്. 

ഹാർബറിലെ സുരക്ഷിതത്വപ്രശ്‌നങ്ങൾ സംബന്ധിച്ച് പുണെ കേന്ദ്രമായ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷൻ നടത്തിയ പഠനം സംബന്ധിച്ച നിർദേശങ്ങളൊന്നും അഭ്യർഥനയിൽ ഉണ്ടായിരുന്നില്ല. 

ഇതുകൂടി ഉൾപ്പെടുത്തി പുതിയ അഭ്യർഥന സമർപ്പിക്കാൻ കേരളത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രിയുടെ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് എം.പി. പറഞ്ഞു. 

മുതലപ്പൊഴിയിൽ അപകടങ്ങൾ ആവർത്തിക്കുന്നത് സംബന്ധിച്ച പ്രശ്‌നം പലതവണ പാർലമെന്റിൽ ഉന്നയിച്ചുകൊണ്ട് കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് എം.പി. അറിയിച്ചു. 

ഇതിനെത്തുടർന്ന് കേന്ദ്രസംഘം ജൂലായിൽ മുതലപ്പൊഴി സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഹാർബറിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് കരാറെടുത്തിരിക്കുന്ന ഏജൻസിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നാണ് കേരളം കേന്ദ്രത്തെ അറിയിച്ചിരിക്കുന്നത്. 

മുതലപ്പൊഴിയിൽ അപകടമൊഴിവാക്കാൻ കേരള സർക്കാരും കേന്ദ്രസർക്കാരും ആവശ്യമായ ഇടപെടൽ നടത്തുന്നില്ലെന്ന് അടൂർ പ്രകാശ് എം.പി. ആരോപിച്ചു.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started