ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കവേ ട്രെയിനിനും പ്ലാറ്റ്‍ഫോമിനും ഇടയിൽ കുടുങ്ങി ഡോക്ടർക്ക് ദാരുണാന്ത്യം

08-12-2023

കോഴിക്കോട്: ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കവേ ട്രെയിനിനും പ്ലാറ്റ്‍ഫോമിനും ഇടയിൽ കുടുങ്ങി ഡോക്ടർക്ക് ദാരുണാന്ത്യം. കണ്ണൂർ റീജനൽ പബ്ലിക് ഹെൽത്ത് ലാബിലെ സീനിയർ കൺസൾട്ടന്റ് കോവൂർ പാലാഴി എംഎൽഎ റോഡ് മാക്കണഞ്ചേരി താഴത്ത് സുകൃതത്തിൽ ഡോ. എം സുജാത (55) യാണ് മരിച്ചത്.

ഇന്ന് രാവിലെ കണ്ണൂരിലേക്കു പോകാനായി ഇവർ കോഴിക്കോട് സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു അപകടം. പ്ലാറ്റ്‍ഫോമിൽനിന്നു നീങ്ങിത്തുടങ്ങിയ എറണാകുളം – കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസിൽ കയറാനായിരുന്നു ശ്രമം. ട്രെയിൻ മുന്നോട്ടെടുത്തതിനാൽ ആർപിഎഫ് ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞു ബെഞ്ചിലിരുത്തി. ഇതിനിടെ ട്രെയിൻ പതുക്കെയായപ്പോൾ ഡോക്ടർ വീണ്ടും ഓടിക്കയറാൻ ശ്രമിക്കുകയും വീഴുകയുമായിരുന്നു.

ആർപിഎഫ് ഉദ്യോഗസ്ഥനും ചേർന്ന് താങ്ങിനിർത്താൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ഡോക്ടർ പ്ലാറ്റ്‍ഫോമിനും ട്രെയിനിനും ഇടയിലേക്കു വീണു. ഉടനെ പുറത്തെടുത്തു ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മണലായ രുഗ്മിണി കോവിലമ്മയുടെയും പരേതനായ വി ജനാർദ്ദനൻ ഏറാടിയുടെയും മകളാണ്. ഭർത്താവ്: ശശിധരൻ (സയൻ്റിസ്റ്റ് – NIELIT).

മക്കൾ : ജയകൃഷ്ണൻ (എൻജിനിയറിംഗ് വിദ്യാർഥി, സ്വീഡൻ), ജയശങ്കർ സോഫ്റ്റ് വെയർ എൻജിനിയർ, ബെംഗളുരു). സഹോദരൻ: ഡോ. എം സുരേഷ് (പ്രൊഫസർ- ഐഐടി, മദ്രാസ്). സംസ്കാരം ശനിയാഴ്ച വൈകുന്നേരം മൂന്നിന് മാങ്കാവ് ശ്മശാനത്തിൽ.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started