ആട്ടവും പാട്ടുമായി അന്താരാഷ്ട്ര ഭിന്നശേഷി ദിനം

04-12-2023

IMG_20231203_223744_(1200_x_628_pixel)

തിരുവനന്തപുരം:ആട്ടവും പാട്ടുമായി അന്താരാഷ്ട്ര ഭിന്നശേഷി ദിനം ആഘോഷമാക്കി തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ജില്ലാ സാമൂഹ്യനീതി വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ‘ഉണർവ്വ് 2023’.

വഴുതയ്ക്കാട് സർക്കാർ വനിതാ കോളേജ് വേദിയായ ഉണവ് 2023 വി.ജോയി എം.എൽ.എയാണ് ഉദ്ഘാടനം ചെയ്തത്. ഭിന്നശേഷി വിദ്യാർഥികൾക്ക് ശോഭിക്കാനാകുന്ന മേഖല കണ്ടെത്തി അവർക്ക് കൃത്യമായ പരിശീലനവും പ്രോത്സാഹനവും നൽകുകയെന്നതാണ് നമ്മുടെ കടമയെന്ന് എം.എൽ.എ പറഞ്ഞു.

സാമൂഹ്യപുരോഗതിയ്ക്കായി ഭിന്നശേഷിക്കാരുടെ പങ്കാളിത്തവും നേതൃത്വവും ഉയർത്തുകയെന്ന് ലക്ഷ്യത്തോടെയാണ് ഉണർവ്വ് സംഘടിപ്പിച്ചത്. ജില്ലാ കളക്ടർ ജെറോമിക് ജോർജ് പതാക ഉയർത്തി.

കലാ-കായിക മത്സരങ്ങൾ, ഭിന്നശേഷി സ്ഥാപനങ്ങളിലെ കുട്ടികളുടെ കരകൗശല വസ്തുക്കളുടെ പ്രദർശനവും വില്പനയും, ഭിന്നശേഷി മേഖലയിൽ സംഭാവന നൽകിയ വ്യക്തികളെ ആദരിക്കൽ, ഭിന്നശേഷിക്കാർക്കായുള്ള കാർണിവൽ എന്നിവയാണ് അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഒരുക്കിയത്.

അഞ്ച് വേദികളിലായി പ്രച്ഛന്നവേഷം, സംഘനൃത്തം, പ്രസംഗം മത്സരം, ചിത്രരചന, ഗാനാലാപനം, മിമിക്രി ഉൾപ്പെടെ വിവിധ കലാ മത്സരങ്ങൾ ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറി. സബ്ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായി 1,200ലധികം ഭിന്നശേഷിക്കാരാണ് മത്സരിച്ചത്.

വൈകിട്ട് നടന്ന ഉണർവ് സമാപന ചടങ്ങ് കടകംപള്ളി സുരേന്ദ്രൻ എം. എൽ.എ ഉദ്ഘാടനം ചെയ്തു. കലാ-കായിക മത്സരങ്ങളിൽ പങ്കെടുത്തവർക്ക് സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. പ്രശസ്ത ചലച്ചിത്ര പിന്നണിഗായകൻ ജി.വേണുഗോപാൽ വിശിഷ്ടാതിഥി ആയിരുന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, വൈസ് പ്രസിഡന്റ് ഷൈലജാ ബീഗം,ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ വി.ആർ സലൂജ, സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ എച്ച്. ദിനേശൻ,ഭിന്നശേഷി ക്ഷേമ കോർപറേഷൻ ചെയർപേഴ്‌സൺ ജയാഡാളി, ജില്ല സാമൂഹ്യനീതി ഓഫീസർ എം.ഷൈനിമോൾ എന്നിവരും സന്നിഹിതരായിരുന്നു.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started